കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും കോതമംഗലത്തും നാളെ(ചൊവ്വ) ജനകീയ ഹർത്താൽ നടത്തുമെന്ന് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഡി.എഫ്.ഒ. ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും പുലിയും കുരങ്ങുമെല്ലാം കാർഷികവിളകൾ പാടെ നശിപ്പിക്കും. ഈ പഞ്ചായത്തുകളിലെ റോഡുകളിലെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്നു. രാത്രി വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്‌ഥ. ജീവനോപാധികൾ അടഞ്ഞ മലയോര ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം കുടി ഇല്ലാതാക്കുന്ന രീതിയിലാണു കാര്യങ്ങളുടെ പോക്ക്. വന്യമൃഗങ്ങളെ ഭയന്ന്ജനങ്ങൾ ജീവിക്കേണ്ട അവസ്ഥയാണ് ഇപ്പൊൾ വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം നേര്യമംഗലത്ത്
കാട്ടാന മറിച്ചിട്ട മരം വീണ്
എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടതിന്റെ ഭീതിയിലാണ് കോതമംഗലം. കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണി വലിയക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസ് ആണ് തിങ്കളാഴ്ച്‌ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ശനിയാഴ്‌ച വൈകിട്ടാണ് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.
നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾളിൽ കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്ന് ഏഴ് മണിക്കൂർ നീണ്ട് നിന്ന നാട്ടുകാരുടെ പ്രതിഷേധം അവസാനിക്കുകയും മൃതദേഹം പ്രാഥമിക നടപടികൾക്കായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.