കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള
മാർ അത്തനേഷ്യസ് കോളേജ് (ഓട്ടോണമസ്), മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിങ് (ഓട്ടോണമസ്), മാർ
അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്‌കൂൾ, മാർ ബസേലിയോസ് കോളേജ്, അടിമാലി എന്നീ സ്ഥാപനങ്ങളിലെ
വിരമിച്ച അധ്യാപക – അനധ്യാപകരെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആദരിച്ചപ്പോൾ അത് വ്യത്യസ്ത തലമുറകളുടെ അപൂർവ്വ ഒത്തുചേരലായി.
കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ഐഐടി പാലക്കാട്, പ്രൊഫസറും ഡീനുമായ ഡോ. കെ.എൽ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, സെക്രട്ടറി, ഡോ. വിന്നി വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിരമിച്ച അധ്യാപക- അനധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.
മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ആരംഭകാലത്ത് പരിമിതമായ ഭൗതിക സൗകര്യങ്ങളിലും സാമ്പത്തികനിലയിലും നിസ്വാർത്ഥരായി, ത്യാഗസന്നദ്ധരായി പ്രവർത്തിച്ച അധ്യാപക – അനധ്യാപകരുടെ കർമ്മോത്സുകത പുതിയതലമുറയ്ക്ക് മാതൃകയാണെന്ന് ഡോ. വിന്നി വർഗീസ് അഭിപ്രായപ്പെട്ടു.
വിവിധ കാലഘട്ടങ്ങളിലായി മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച 250 അധ്യാപക – അനധ്യാപകർ ആദരം ഏറ്റുവാങ്ങുമ്പോൾ മാർ അത്തനേഷ്യസ് കുടുംബത്തിലെ വ്യത്യസ്ത തലമുറകളുടെ അപൂർവ്വ ഒത്തുചേരലായി മാറി .
1957 ൽ മാർ അത്തനേഷ്യസ് കോളേജിൽ ജോലിയിൽ പ്രവേശിച്ച മാത്തമാറ്റിക്സ് വിഭാഗം വകുപ്പദ്ധ്യക്ഷനായിരുന്ന പ്രൊഫ. പി.ഐ ഡാനിയേലാണ് ആദരം ഏറ്റു വാങ്ങിയ മുതിർന്ന അധ്യാപകൻ.
ജീവിതത്തിൻ്റെ വലിയ പങ്ക് ചെലവിട്ട കർമ്മഭൂമിയിലേക്ക് ജീവിതപങ്കാളിയോടൊപ്പം കടന്നുവന്നവർ മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുമായുള്ള തങ്ങളുടെ ഹൃദയബന്ധത്തിൻ്റെ ആഴം ഓർമ്മകളായി പങ്കുവച്ചു. മാർ അത്തനേഷ്യസ് (ഓട്ടോണമസ് ) കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എം. എ.എഞ്ചിനീയറിങ്(ഓട്ടോണമസ് )കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് ,
പ്രൊഫ. എം.കെ.ബാബു, (മുൻ പ്രിൻസിപ്പൽ, മാർ അത്തനേഷ്യസ് കോളേജ്, ഓട്ടോണമസ്),ഡോ.ജെ ഐസക്( മുൻ പ്രിൻസിപ്പൽ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓട്ടോണമസ്), പ്രൊഫ. കെ.ജോർജ്കുട്ടി(മുൻ പ്രിൻസിപ്പൽ,
മാർ ബസേലിയോസ് കോളേജ്, അടിമാലി ), സ്റ്റാൻലി ജോർജ്(മുൻ പ്രിൻസിപ്പൽ,
മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂൾ),റിട്ടയേഡ് നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധികളായ ടി.ജി.ഹരി (മാർ അത്തനേഷ്യസ് കോളേജ് , ഓട്ടോണമസ്), സാബു എം. വർഗീസ്, (മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഓട്ടോണോമസ്) എന്നിവർ യോഗത്തിൽ സംസാരിച്ചു. ആദരിക്കൽ ചടങ്ങിനെ തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാവിഷ്കാരങ്ങളും സ്നേഹ വിരുന്നും നടന്നു.
