കോതമംഗലം: പാനിപ്രക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവര്‍ന്ന ആള്‍ പിടിയില്‍. പിറവം മേമുറി സ്വദേശി അനില്‍ (വാവ-43) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. പാനിപ്ര കാവില്‍ കഴിഞ്ഞ മാസം 24ന് രാത്രിയാണ് ഭണ്ഡാരം കുത്തിത്തുറന്ന് 4,000ത്തോളം രൂപ കവര്‍ന്നത്. ക്ഷേത്രത്തില്‍ മോഷണം ആവര്‍ത്തിച്ചപ്പോള്‍ ട്രസ്റ്റ് ഭാരവാഹികള്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചിരുന്നു. സംഭവ ദിവസം കൈയില്‍ ലിവറുമായി അനില്‍ മോഷണം നടത്തി മടങ്ങുന്ന ചിത്രം ക്യാമറയില്‍ പതിഞ്ഞത് ക്ഷേത്രം ഭാരവാഹികള്‍ പോലീസിന് കൈമാറിയിരുന്നു. ഇത് അന്വേഷണത്തിന് സഹായകവും നിര്‍ണായക തെളിവുമായി. മോഷണം നടത്തി ഗുരുവായൂര്‍ ക്ഷേത്ര പരിസരത്താണ് അനില്‍ സാധാരണയായി തമ്പടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ അടുത്ത മോഷണം നടത്തും. പിടിക്കപ്പെട്ടാല്‍ വീണ്ടും ജയിലേക്ക് പോകുന്നതാണ് പതിവ്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ 37 ഓളം മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
കുന്നംകുളത്തിന് സമീപം എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വില്ലേജ് ഓഫീസ് കുത്തിത്തുറന്ന കേസില്‍ പോലീസ് തേടി കൊണ്ടിരുന്ന സമയത്താണ് ഇയാള്‍ പിടിയിലായത്. പകല്‍ ഗുരുവായൂര്‍ പരിസരത്ത് കലാപരിപാടിയും കണ്ട് ഭക്ഷണവും കഴിച്ച് രാത്രി ട്രെയ്നില്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിയാണ് ഓരോ സ്ഥലത്തേക്കും പോകുന്നത്. ആളില്ലാത്ത വീട്, ക്ഷേത്രം, പള്ളി എന്നിവിടങ്ങളാണ് മോഷണത്തിന് തെരഞ്ഞെടുക്കുക. കോട്ടപ്പടി എസ്‌ഐ വി.പി. വില്‍സന്റെ നേതൃത്വത്തില്‍ പാനിപ്രകാവില്‍ എത്തി തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.