കോതമംഗലം : സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും പൊതുസമൂഹത്തിനിടയില്‍ മോശമായി ചിത്രീകരിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി കോതമംഗലത്തെ രണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കെതിരെ ഡിസിസിയിലെ ഒരു വനിതാ ജനറല്‍ സെക്രട്ടറി കെപിസിസി ഉപസമിതി മുമ്പാകെ പരാതിയും മൊഴിയും നല്‍കി. ഇത്തരത്തിലുള്ള ദുഷ്പ്രചാരണം തന്റെ പൊതുപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പഞ്ചായത്തംഗം കൂടിയായ വനിതാ ജനറല്‍ സെക്രട്ടറി മൊഴിയില്‍ ചൂണ്ടിക്കാട്ടി.
കെപിസിസിക്ക് ഒരാഴ്ച മുമ്പ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം ഡിസിസി ഓഫീസില്‍ കെപിസിസി ഉപസമിതി അംഗങ്ങളായ നിയാസ്, തുളസി എന്നിവര്‍ മുമ്പാകെ നേരിട്ടെത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ മാസം ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസിക്ക് നല്‍കിയ പരാതിയില്‍ നടപടി തൃപ്തികരമല്ലെന്ന് കണ്ടാണ് ഒരാഴ്ച മുമ്പ് കെപിസിസിയ്ക്ക് ഇവര്‍ വീണ്ടും പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ ഉടന്‍ നടപടി അറിയിക്കാമെന്ന് ഉപസമിതി അംഗങ്ങള്‍ ഉറപ്പ് നല്‍കിയതായും ഇവര്‍ വ്യക്തമാക്കി.
