കോതമംഗലം – കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനു സമീപം കരിയിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം; ഇന്ന് പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ കരിയിലപ്പാറയിൽ ഇന്ന് പുലർച്ചെ മണിക്കൂറുകളോളമാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. മുൻ പഞ്ചായത്ത് അംഗം സാബു വർഗീസിൻ്റെ 200-ഓളം കുലച്ച ഏത്തവാഴകളും മറ്റ് കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകളാണ് നശിപ്പിച്ചത്.
പുളിക്കേക്കുടി പോളിയുടെ പൈനാപ്പിളും, റബ്ബറും, ഫെൻസിംഗും കാട്ടാനക്കൂട്ടം കുത്തിമറിച്ചു. നിരവധിപ്പേരുടെ കൃഷിയിടങ്ങളുടെ കയ്യാലകൾ തകർത്തിട്ടിരിക്കുകയാണ്. പുലർച്ചെ രണ്ടു മണിക്കെത്തിയ ആനകൾ വിവിധ വീടുകൾക്ക് സമീപം വരെ എത്തിയിരുന്നു. ആനകളെ റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് വെടി വച്ച് നാടുകടത്താനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്, മെമ്പർമാരായ ബേസിൽ ,ജിജോ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.



























































