കോതമംഗലം: വാരപ്പെട്ടിയിൽ പുതുതായി ആരംഭിക്കുവാനിരിക്കുന്ന പ്ലൈവുഡ് കമ്പനിക്കെതിരെ നാട്ടുകാർ സമര മുഖത്തേക്ക്.
വരപ്പെട്ടി പഞ്ചായത്ത് അഞ്ചാം വാർഡ് ഏറമ്പ്ര ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കൈവശ ഭൂമിയിലാണ് പുതുതായി പ്ലൈവുഡ് കമ്പനി ആരംഭിക്കുവാൻ നീക്കം നടക്കുന്നത്. മുന്നോടിയായി
പരിസരവാസികൾ ആലോചനയോഗം ചേർന്ന് സമരസമിതി രൂപീകരിച്ചു. സമരസമിതി കൺവീനറായി ടി.കെ മനോജ് രക്ഷധികാരികളായി ഷിബു വർക്കി, മുനീർ പി കരീം എന്നിവരുൾപ്പെടെ 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. പ്ലൈവുഡ് കമ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ ബിന്ദു ശശി യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ജയിൻ കെ. മോളേൽ കമ്പനി മൂലം പരിസ്ഥിതിക്കും ജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ക്ലാസ്സ് എടുത്തു. വരപ്പെട്ടി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികളും കൂടാതെ മാരകരോഗങ്ങളാലും കഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം കമ്പനികൾ അനുവദിക്കാവില്ല.
ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കൂടുതൽ കമ്പനികൾ സ്ഥാപിക്കാൻ വേണ്ടി വിവിധ പ്രദേശങ്ങളിൽ ബിനാമി പേരിൽ സ്ഥലങ്ങൾ വാങ്ങിയിരിക്കുകയാണെന്നും നാട്ടുകാർ ആരോപിച്ചു. കമ്പനിയുടെ പ്രവർത്തനം വായു, ജലം, മണ്ണ് എന്നിവയെ ഒരേപോലെ ബാധിക്കും. ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ പ്രദേശത്ത് ജീവന് ഭീഷണിയായികൊണ്ടിരിക്കുന്ന കമ്പനികൾ തുറക്കാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്നും കമ്പനികൾ തുറക്കാൻ അനുവദിക്കുകയില്ലായെന്നും സമരസമിതി അംഗങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്നും അറിയിച്ചു.