പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ – പിട്ടാപ്പിള്ളിക്കവല റോഡിലെ ദുര്‍ബലമായ ചെക്ഡാമും പാര്‍ശ്വഭിത്തിയും പുനര്‍നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൈങ്ങോട്ടൂര്‍ തോടിനു കുറുകെ നിര്‍മിച്ച ചെക്ക് ഡാമാണിത്. വേനല്‍ കാലത്ത് വെള്ളം കെട്ടിനിര്‍ത്തുന്നതിനും ഉപരിതലത്തിലൂടെ എല്ലാ സമയവും കാല്‍നടയാത്ര ചെയ്യുന്നതിനുള്ള നടപ്പാലവുമായിരുന്നു അന്നു നിര്‍മിച്ചത്. 40 വര്‍ഷം മുന്പ് നടപ്പാലം വീതികൂട്ടി വലിയ വാഹനങ്ങള്‍ക്കുകൂടി ഗതാഗതം നടത്തുന്നതിനുള്ള സൗകര്യമൊരുക്കി.
അന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ പാലവും പാര്‍ശ്വഭിത്തികളും കാലപ്പഴക്കംമൂലം ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലായി.
ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങളും അതിലേറെ കാല്‍നട യാത്രക്കാരും ദിവസേന സഞ്ചരിക്കുന്ന പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴയ റോഡാണിത്. പാലത്തോട് ബന്ധിക്കുന്ന ഭാഗത്തെ പാര്‍ശ്വഭിത്തിയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതുമൂലം വലിയ വാഹനങ്ങള്‍ പലതും നാളുകളായി ഇതുവഴി ഓടുന്നില്ല.