കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ സഹകരണ റിസ്ക് ഫണ്ട് പദ്ധതിയിൽ മരണാനന്തര/ചികിത്സാ ധനസഹായമായി 6,30,74,912/- രൂപ അനുവദിച്ചതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ അറിയിച്ചു. സഹകരണ റിസ്ക് ഫണ്ട് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോതമംഗലം മണ്ഡലത്തില്‍ റിസ്ക് ഫണ്ട് ആനുകൂല്യത്തിനായി മരണാനന്തര/ ചികിത്സാ ധനസഹായമായി 23.06.2024 വരെ 680 അപേക്ഷകളിലായി 560 വായ്പക്കാര്‍ക്ക് 6,30,74,912/- രൂപയുടെ ധനസഹായം അനുവദിച്ചു നൽകിയിട്ടുണ്ട്.
അര്‍ഹരായ മുഴുവന്‍ വ്യക്തികള്‍ക്കും സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ എല്ലാ സെക്ഷനുകളുടെയും യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത് അവലോകനം നടത്തുകയും കൂടാതെ ബോര്‍ഡിന്റെ ജോയിന്റ് രജിസ്ട്രാര്‍/സെക്രട്ടറി ഓണ്‍ലൈനായും എറണാകുളം മേഖലാ ആഫീസിലും കോഴിക്കോട് മേഖലാ ആഫീസിലും നേരിട്ടും അവലോകന യോഗങ്ങള്‍ നടത്തുകയും പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്യുന്നുണ്ട് .
അപേക്ഷകളിലെ ന്യൂനതകള്‍ പരമാവധി ഒഴിവാക്കി ബോര്‍ഡില്‍ സമർപ്പിക്കുന്നതിനായി അപേക്ഷകള്‍ ബന്ധപ്പെട്ട അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) / ജോയിന്റ് ഡയറക്ടര്‍/ കണ്‍കുറണ്ട് ആഡിറ്റര്‍/ അസിസ്റ്റന്റ് രജിസ്ട്രാര്‍/ വാല്യുവേഷന്‍ ആഫീസര്‍മാര്‍ പരിശോധിച്ച് പരമാവധി ന്യൂനതകള്‍ ഒഴിവാക്കി ബോര്‍ഡില്‍ ലഭ്യമാക്കുന്നതിന് ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി ടി ആഫീസുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കൂടാതെ സഹകരണ സംഘം രജിസ്മാറുടെ അദ്ധ്യക്ഷതയില്‍ 31.01.2024 തീയതി ഒരു അവലോകനയോഗം നടത്തുകയും ആയതിന്റെ അടിസ്ഥാനത്തില്‍ കുടിശ്ശിക ഫയലുകള്‍ മാര്‍ച്ച് 2024 നകം തീര്‍പ്പാക്കുന്നതിനുളള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കി നടപടികള്‍ സ്വീകരിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ 31.01.2024 വരെ ലഭ്യമായിട്ടുള്ള അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ടി തീയതിയ്ക്കുശേഷം ബോര്‍ഡില്‍ ലഭിച്ച റിസ്ക് ഫണ്ട് ധനസഹായ അപേക്ഷകളില്‍ സമയബന്ധിതമായി ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള ഫയല്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളതായി മന്ത്രി വി എൻ വാസവൻ സഭയിൽ അറിയിച്ചു.