കോതമംഗലം :ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ഓരോ ശുപാർശയിന്മേലും ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായവും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെ സംബന്ധിച്ചും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി പരിശോധിച്ചു വരികയാണെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു.ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും റിപ്പോർട്ടിലെ ശുപാർശയിൽ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യവുമായപ്പെട്ടുകൊണ്ടും എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 05/11/2020-ലെ സ.ഉ.(എം.എസ്)നം.214/ 2020/ആഭ്യന്തരം ഉത്തരവ് പ്രകാരം നിയമിച്ചതാണ് ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍. ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുന്നതാകയാല്‍ ഓരോ വകുപ്പുകളും നടപ്പാക്കേണ്ടുന്ന കാര്യങ്ങള്‍ അതാത് വകുപ്പുകള്‍ പരിശോധിച്ചു തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
ആയതിനാല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങള്‍ ആരായുകയും ഓരോ വകുപ്പും കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായും അവ ക്രോഡീകരിക്കുന്നതിനായും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ജസ്റ്റിസ് ശ്രീ.ജെ.ബി.കോശി കമ്മീഷന്‍ ശിപാര്‍ശകള്‍ പരിശോധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുവാന്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി, പൊതുഭരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായും സ.ഉ.(സാധാ)നം993/2024/ പൊ.ഭ.വ നമ്പരായി 02.03.2024 തീയതിയില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ശിപാര്‍ശയിന്‍മേലും ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായങ്ങളും സ്വീകരിക്കുവാനുദ്ദേശിക്കുന്ന നടപടികളും കമ്മിറ്റി പരിശോധിച്ചു തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.