കോതമംഗലം : പുളിന്താനം സെൻ്റ് ജോൺസ് പളളി ഏറ്റെടുത്ത് ഓർത്തഡോക്സ‌് വിഭാഗത്തിന് കൈമാറാനുള്ള നീക്കത്തേതുടർന്ന് തിങ്കളാഴ്ച സംഘർഷസാധ്യത ഉടലെടുത്തു.പള്ളി ഏറ്റെടുക്കുന്നതിനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ യാക്കോബായ വിശ്വാസികൾ പള്ളിയിൽ തമ്പടിച്ചു . ഓർത്തഡോക്സ് വിഭാഗത്തിൽനിന്നുള്ളവർ പള്ളിക്ക് മുമ്പിൽ എത്തിയത് സംഘർഷത്തിനു ഇടയാക്കി.വൻ പോലിസ് സന്നാഹമാണ് സ്ഥലത്ത് അണിനിരന്നിട്ടുള്ളത്.കോടതിവിധി നടപ്പാക്കാൻ സഹകരിക്കണമെന്ന പോലിസിന്റെ അഭ്യർത്ഥന യാക്കോബായ വിശ്വാസികൾ തള്ളികളഞ്ഞു. ഒരു കാരണവശാലും പള്ളി വിട്ടുനൽകാനാവില്ലെന്ന് അവർ വ്യക്തമാക്കി.യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലാണ് പള്ളി ഇപ്പോഴുള്ളത്.കോടതി നിർദേശത്തേതുടർന്നാണ് പള്ളി കൈമാറ്റത്തിനുള്ള ശ്രമം നടക്കുന്നത്.ഇതിന് മുമ്പ് പലതവണ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുളിന്താനം സെൻറ് ജോൺസ് ബസ്ഫാകെ യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്നീട് തിരികെപ്പോയി. സ്ഥലത്ത് പോലീസിൻ്റയും, തഹസിൽദാരുടെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചിരുന്നു. ഇതിനുമുൻപും ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കുവാൻ എത്തിയപ്പോൾ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം ഉയർത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം പ്രാർത്ഥനയും നടത്തി. വൈദികരും വിശ്വാസികളും അടക്കം നിരവധി പേരാണ് ഓർത്തഡോക്സ് വിഭാഗത്തെ പ്രതിരോധിക്കുവാൻ എത്തിയത്.
മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വലിയ പോലീസ് സന്നാഹവും, ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. കോടതി വിധി നടപ്പാക്കാൻ സഹകരിക്കണമെന്ന് യാക്കോബായ പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും പള്ളി വിട്ടുതരില്ലെന്ന നിലപാട് അവർ ആവർത്തിച്ചു. ബലപ്രയോഗത്തിലൂടെ യാക്കോബായ വിശ്വാസികളെ നീക്കം ചെയ്യാൻ കഴിയില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ വൈദികർ ഉൾപ്പെടെയുള്ള ഓർത്തഡോക്സ് പക്ഷം പിൻ വാങ്ങുകയായിരുന്നു.