കോതമംഗലം : വീട്ടിലിരുന്ന് തന്നെ കാർ പാർക്കിങ് മൾട്ടിപ്ലെയർ ഗെയിം കളിക്കാനുള്ള വിദ്യയുമായി പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആസിഫ് അബ്ദുൽ ജലീൽ. മാളുകളിലും വലിയ പാർക്കുകളിലും മാത്രമുള്ള ഗെയിമാണ് പതിമൂന്നുകാരൻ ആസിഫ് സ്വന്തമായി വീട്ടിൽ നിർമിച്ചിരിക്കുന്നത്. ഒരു ലക്ഷം വില വരുന്ന ഗെയിമാണ് 2000 രൂപ മാത്രം ചെലവിൽ ഉണ്ടാക്കിയത്. ഗെയിമിൽ ഫോണിൽ മാത്രമുള്ള സ്റ്റിയറിംഗും ആക്സിലേറ്ററും ഗിയറുമൊക്കെ സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട് ആസിഫ്.
കാർഡ് ബോർഡ്, ജോയ്‌സ്റ്റിക്ക്, നൂൽ, ഫെ്‌ലക്‌സ് ക്യുക്ക് പശ, സിറിഞ്ച് ഇവയൊക്കെയാണ് ഇതിനായി ഉപയോഗിച്ചത്. കാറിൽ ഇരുന്ന് ഗെയിം കളിക്കുന്ന തരത്തിൽ ആക്‌സിലേറ്റർ, ഗിയർ, ബ്രേക്ക്, സ്റ്റിയറിംഗ് എല്ലാം ആസിഫ് ഉണ്ടാക്കിയിട്ടുണ്ട്. ഫോണുമായി ജോയ്‌സ്റ്റിക്ക് ബന്ധിപ്പിച്ചാണ് ഗെയിം പ്രവർത്തിക്കുക. നൂലുപയോഗിച്ച് സ്വിച്ചിലേക്കും കണക്ഷൻ കൊടുത്തു. പല്ലാരിമംഗലം തടത്തിക്കുന്നേൽ അബ്ദുൽ ജലീലിന്റെയും അഫീലയുടെയും മകനാണ്. അഖിൽ, അലീന എന്നിവർ സഹോദരങ്ങളാണ്.