കോതമംഗലം : പാഴ്‌വസ്തുക്കൾ കൊണ്ട് ഹെലികോപ്ടർ നിർമിച്ച് കുട്ടി ശാസ്ത്രജ്ഞൻ ശ്രദ്ധേയനാകുന്നു. അതിഥി തൊഴിലാളിയുടെ മകൻ കൂടിയായ ഉമർ ഫാറൂഖ് പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. പതിനഞ്ചുകാരനായ ഉമർ അഞ്ചുവർഷം മുമ്പാണ് കേരളത്തിലെത്തുന്നത്. ആസാമിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഉമർ മാതിരപ്പിള്ളി ഗവ. സ്‌കൂളിൽ ഏഴുവരെ പഠിച്ചു. ശേഷമാണ് എട്ടാം ക്ലാസിലേക്ക് പല്ലാരിമംഗലം ഗവ. സ്‌കൂളിലെത്തുന്നത്.
ആസാം ഗുവാട്ടിയിൽ സിറാബുൽ ഹഖിന്റെയും ഒജിബ കാത്തൂന്റെയും മകനാണ്. സഹോദരി തസ്മിനാ കാത്തൂൻ ആസാമിൽ പഠിക്കുന്നുണ്ട്. മറ്റൊരു സഹോദരി സെറീന ബീഗം പല്ലാരിമംഗലം സ്‌കൂളിൽ തന്നെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. ആക്രി കച്ചവടം നടത്തുന്ന ബാപ്പ സിറാബുൽ ഹഖ് ശേഖരിച്ചുകൊണ്ടുവരുന്ന പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ് ഉമർ നിരവധി ഉപകരണങ്ങൾ ഉണ്ടാക്കുന്നത്. യൂട്യൂബിലും പുസ്തകങ്ങളിലും നോക്കി സ്വന്തം പഠിച്ചശേഷമാണ് ഹെലികോപ്ടർ, മോട്ടോർ, ഫാൻ തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ ഉമർ സൃഷ്ടിക്കുന്നത്. ഹെലികോപ്ടറിനായി മിനി മോട്ടോർ, കാർഡ് ബോർഡ്, ഉപയോഗശൂന്യമായ പേന, ബാറ്ററി, ലീഫ്, വയർ, ലൈറ്റ്, രണ്ട് ഫാൻ തുടങ്ങിയവയാണ് ഉപയോഗിച്ചത്. വയർ ബന്ധിപ്പിച്ചാൽ ലൈറ്റ് തെളിഞ്ഞ ശേഷം സാധാരണ ഹെലികോപ്ടർ പോലെ ഇതും പ്രവർത്തിക്കും. പഴയ പേനയും ബാറ്ററിയും കൊണ്ട് ഉമർ ഉണ്ടാക്കിയ മോട്ടോറിൽ നിന്നും വെള്ളവും പമ്പ് ചെയ്യാനാകും. ഉമറിന്റെ കഴിവുകൾക്ക് അധ്യാപകരുടെ പൂർണ പിന്തുണയാണുള്ളത്.