കോതമംഗലം: തലയിൽ ചിന്തിക്കുന്നതും ഹൃദയം കൊണ്ട് തോന്നുന്നതും കൈകൾകൊണ്ട് ചെയ്യുന്നതും സംയോജിപ്പിച്ചു കൊണ്ട് മുന്നേറുവാൻ മനുഷ്യന് സാധിക്കണമെന്ന് കോഴിക്കോട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ. ഭൗതീകവും ആത്മീകവുമായ കാര്യങ്ങൾ ശരിയായ രീതിയിൽ സംയോജിപ്പിച്ചാൽ മാത്രമേ ജീവിതത്തിൻ്റെ ഏതു ഘട്ടത്തിലും വിജയം കൈവരിക്കുവാൻ സാധിക്കുകയുള്ളു വെന്ന് കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ 2024 ബാച്ചിലെ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തീകരണ ചടങ്ങിലെ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ഭാവിയിൽ പലതരത്തിലുള്ള പ്രതിസന്ധികൾ വരുമ്പോൾ സ്വയം യുക്തമായ തീരുമാനം എടുക്കേണ്ടി വരും. സഹപ്രവർത്തകരോട് കരുണ ഉള്ളവരായിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിജയത്തിൻ്റെ പുറകിൽനിന്നു സഹായിച്ച മാതാപിതാക്കളെയും ഗുരുക്കൻമാരെയും സ്മരിക്കേണ്ടതും വിദ്യാർത്ഥികളുടെ കടമയാണെന്നും ഡോ. പ്രസാദ് കൃഷ്ണ ഓർമിപ്പിച്ചു.
കേരളത്തിലെ പ്രശസ്തമായ എൻജിനീയറിങ് കോളേജായ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ നിന്ന് ഈ വർഷം വിദ്യാഭ്യാസം പൂർത്തീകരിച്ച് ഇറങ്ങുന്ന വിദ്യാർത്ഥികൾക്ക് അനുദിനം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ലോകത്തെ കെട്ടിപ്പടുക്കുന്നതിൽ സംഭാവനകൾ നൽകുവാൻ കഴിയട്ടെ എന്ന് ചടങ്ങിൽ അനുഗ്രഹ സന്ദേശം നൽകിയ എം എ കോളജ് അസോസിയേഷൻ ചെയർമാൻ ഡോ.മാത്യൂസ് മോർ അപ്രേം തിരുമേനി ആശംസിച്ചു.
അധ്യാപകരും രക്ഷിതാക്കളും ബന്ധുമിത്രധികളും അടങ്ങിയ വലിയ സദസിനെ സാക്ഷി നിറുത്തി 700 ൽ പരം വിദ്യാർത്ഥികൾ തങ്ങളുടെ ബിരുദ പൂർത്തീകരണ സർട്ടിഫിക്കറ്റുകൾ ഏറ്റു വാങ്ങി. പഠനത്തോടൊപ്പം മറ്റു രംഗങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഓരോ ഡിപ്പാർട്ട്മെൻ്റ് കളിൽ നിന്നുമുള്ള ‘ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻ്റ് ‘ അവാർഡുകളും നൽകുകയുണ്ടായി.