കോതമംഗലം: നേര്യമംഗലം നീണ്ടപാറ മേഖലയിൽ കാട്ടാന ശല്യം. നീണ്ട പാറ വായനശാലപ്പടിക്ക് മുകൾ ഭാഗത്ത് ഒറ്റയാൻ ഇറങ്ങി നാട്ടുകാർ ഭീതിയിൽ ദിവസത്തോളം തുടർച്ചയായെത്തിയ കാട്ടാന വ്യാപകമായി കാർഷിക മേഖലക്കു നാശം വരുത്തി. കൊച്ചുപുത്തൻപുരയിൽ ഗീവറുഗീസ്, മഠത്തിക്കുടി രാജൻ, കൊച്ചുപുത്തൻപുര കുര്യാക്കോസ്, വർക്കി പുല്ലൻ, സ്‌കറിയ, നടുക്കുടി ജോളി, നാട്ടുവാതിക്കൽ ഷാജി, ചെല്ലാകുന്നത്ത് സന്തോഷ് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.
തെങ്ങ്, അടക്കാമരം, വാഴ, പ്ലാവ്, മാവ്, കുരുമുളക്, കൊക്കോ തുടങ്ങിയ കൃഷികളെല്ലാം നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെരിയാർ കടന്ന് രാത്രി കാലങ്ങളിലാണ് കാട്ടാന എത്തുന്നത്. വനത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്ത് റോഡരികിലുള്ള നടുക്കുടി ജോളിയുടെ വീട്ടുമുറ്റത്തുവരെ ഒറ്റയാൻ എത്തി. വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കുന്നതിന് സർക്കാർ ഇടപെടൽ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.