കോതമംഗലം: എം.എ എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റിലെ ഹീറ്റ് എഞ്ചിൻസ് ലാബിൽ കഴിഞ്ഞ മൂന്നു വർഷമായി ഒളിച്ചു പാർത്ത വെള്ളി മൂങ്ങ പിടിയിലായി.വർഷങ്ങളായി പകൽ യന്ത്രങ്ങളുടെ അകത്ത് ഒളിച്ച് താമസിക്കുകയും രാത്രി കാലങ്ങളിൽ പുറത്തിറങ്ങി ലാബിലും യന്ത്രങ്ങളിലും കാഷ്ഠിച്ചു ഇട്ടു ജീവനക്കാരുടെ ഉറക്കം കെടുത്തിയ വിരുതൻ ആണ് പിടിയിലായത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്തെത്തിയെങ്കിലും വെള്ളി മൂങ്ങ കുറ്റൻ ബോയിലർ യന്ത്രത്തിന് ഉള്ളിൽ ഒളിക്കുകയും തുടർന്ന് അവരുടെ നിർദേശ പ്രകാരം മുവാറ്റുപുഴയിൽ നിന്നും ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് റെസ്ക്യുവർ സെബി തോമസ് എത്തി വെള്ളി മൂങ്ങയെ പിടികൂടി കോതമംഗലം വനം വകുപ്പ് കാര്യാലയത്തിലേക്ക് കൊണ്ടുപോയി. വിശദമായി പരിശോധന നടത്തി പരിക്കുകളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഉൾവനത്തിൽ വെള്ളി മൂങ്ങയെ തുറന്നു വിട്ടു.