കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ടെക്നോളജി കമ്പനിയായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷനു (കെൽട്രോൺ) മായി അക്കാദമിക് സഹകരണത്തിനും ഗവേഷണത്തിനുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചു. എം. എ എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസും കെൽട്രോണിന് വേണ്ടി ടെക്നിക്കൽ ഡയറക്ടർ ഡോ. എസ്. വിജയൻ പിള്ളയുമാണ് ധാരണ പത്രം കൈമാറിയത്. വിവിധ പരിശീലന പരിപാടികൾ, ഇൻ്റേൺഷിപ്പുകൾ, വർക്‌ഷോപ്പുകൾ എന്നിവയിലൂടെ ഏറ്റവും നൂതന വ്യവസായ ട്രെൻഡുകൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനും കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റ്കൾക്ക് എൻജിനീയറിങ് മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളെ നേരിടുന്നതിനുള്ള ഗവേഷണ പദ്ധതികൾ വികസിപ്പിക്കുന്നതിനും കെൽട്രോണിൻ്റെ സഹകരണം ലഭിക്കുന്നതിന് ഈ സഹകരണം സാധ്യമാക്കുന്നു.
വിദ്യാർത്ഥികൾക്ക് വ്യവസായ വിദഗ്ധരിൽ നിന്ന് പഠിക്കുന്നതിനും അനുഭവപരിചയം നേടുന്നതിനുമൊപ്പം കേരളത്തിലെ സാങ്കേതിക വ്യവസായത്തിൻ്റെ വികസനത്തിനു സംഭാവന നൽകുവാനും ഇത് അവസരം ഒരുക്കുന്നു. ഇത്തരത്തിലുള്ള വ്യാവസായിക സഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇൻഡസ്ട്രിയുമായീട്ടുള്ള വിടവ് നികത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തിലും സാങ്കേതിക വ്യവസായത്തിലും നല്ല മാറ്റം കൊണ്ടുവരുമെന്ന് എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് അഭിപ്രായപ്പെട്ടു. കോളേജിലെ ഇലക്ട്രോണിക്സ് എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. അജി ജോയി, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. സോണി കുര്യാക്കോസ്, കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. ജോബി ജോർജ്, ഡോ. ജിഷ പി. എബ്രാഹം, അരൂർ കെൽട്രോൺ കൺട്രോൾസ് മേധാവി കെ.വി. അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.