കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറയിൽ കാട്ടാന വീണ് ഉപയോഗശൂന്യമായ കിണർ പുനർനിർമിച്ച് നൽകുമെന്ന ഉറപ്പ് 30 ദിവസത്തിനുള്ളിൽ അധികൃതർ പാലിച്ചില്ലെങ്കിൽ നാട്ടുകാരുടെ സഹകരണത്തോടെ കിണർ പുനർനിർമിച്ചു നൽകുമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഭാരവാഹികൾ അറിയിച്ചു. കാട്ടാന വീണ് ഒരു മാസം പിന്നിട്ടിട്ടും പുനർനിർമിക്കാമെന്ന ഉറപ്പ് പാലിക്കാത്ത അധികൃതരുടെ നടപടിയിൽ കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധിച്ചു. സാധാരണക്കാരായ വയോധിക ദന്പതികളുടെയും സമീപത്ത് താമസിക്കുന്ന 15 ഓളം കുടുംബങ്ങളുടെയും കുടിവെള്ളം പോലും നിഷേധിക്കുന്നതാണ് വനം വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും നടപടി.
മെയ് 30നകം കിണർ ഉപയോഗയോഗ്യമാക്കാമെന്നും പുനർനിർമിക്കാമെന്നും രേഖാമൂലം നൽകിയ ഉറപ്പ് പാലിക്കാത്ത വനംവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെയും നടപടി അങ്ങേയറ്റം പ്രതിഷേധമാണ്. നൽകിയ ഉറപ്പുപോലും പാലിക്കാതെ പാവങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥരെ നിലക്കുനിർത്താനുള്ള തന്റേടവും ആർജവത്വവും ഭരണാധികാരികളും ജനപ്രധിനിധികളും കാണിക്കണമെന്നും ഭാരവഹികൾ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്ഗ്രസ് കോതമംഗലം രൂപത നിയുക്ത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാനുവൽ പിച്ചളക്കാട്ട്, കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറന്പിൽ, ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ, തന്പി പിട്ടാപ്പിള്ളിൽ, കോതമംഗലം ഫൊറോന പ്രസിഡന്റ് ബിജു വെട്ടിക്കുഴ, ജിജി പുളിക്കൽ, ജോർജ് മങ്ങാട്ട്, ബേബിച്ചൻ നിധീരിക്കൽ, ഷൈജു ഇഞ്ചക്കൽ, വി.യു. ചാക്കോ, സോണി പാന്പക്കൽ, ജോർജ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.