പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി വെച്ച് , ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പിടികൂടി കാട്ടിൽ കയറ്റിവിടാൻ ജനപ്രതിനിധികൾ കൂടിച്ചേർന്ന് എടുത്ത തീരുമാനം നടപ്പിലാക്കാതെ പോയത് പ്രകോപനപരമാണ്.
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം മന്ത്രിയുടെ അറിവോടുകൂടിയാണോ അട്ടിമറിക്കപ്പെട്ടതെന്ന് വനം വകുപ്പ് മന്ത്രി വിശദമാക്കണം .
ജനങ്ങളുടെ ജീവിതം തുടർച്ചയായി ദുസഹമാക്കുന്ന ആന ശല്യം കൊണ്ട് പൊറുതിമുട്ടിയ കോട്ടപ്പടിയിലെ നിവാസികളെയാണ് തനിക്ക് കാണാൻ കഴിഞ്ഞത് ..പ്രശ്നത്തിൽ നിന്ന് ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഒരു സമവായത്തിന് താൻ ശ്രമിക്കുകയായിരുന്നു . യോഗത്തിന്റെ തീരുമാനങ്ങൾ ജില്ലാ കളക്ടർ വഴി തൽസമയം വനം വകുപ്പ് മന്ത്രിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ് നടപ്പിലാക്കിയ തീരുമാനങ്ങൾ കോട്ടപ്പടിയിലെ നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് പുല്ലുവിലകൽപ്പിച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു..
വന്യജീവി ആക്രമണം ദുരന്തനിവാരണ അതോറിറ്റിയുടെ കൂടി ചുമതലയിലായ പശ്ചാത്തലത്തിൽ ഭൂമി ഉടമയ്ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് പോലും ഗവൺമെൻ്റ് നിഷ്ക്രിയ മനോഭാവത്തോടെ ഒളിച്ചോടിയത് ലജ്ജാകരമാണ്.കാട്ടാനകളെ ചെറുത്തും തുരത്തിയോടിച്ചും തങ്ങളുടെ കാർഷികവിളകളെ സംരക്ഷിക്കുന്ന കാർഷിക ജനതയെ അപകടം ഒഴിവാക്കാനായി നിരോധനാജ്ഞ നടപ്പാക്കിയിട്ട് അതിൻറെ മറവിൽ ആനയെ വളരെ ലാഘവത്തോടെ തുറന്നു വിടാൻ ഇടയായ വനംവകുപ്പിന്റെ നടപടിയിൽ എംഎൽഎ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി .കാട്ടാനയെ നാട്ടിൽ തന്നെ തുറന്നുവിട്ട ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു .