കോതമംഗലം :മനക്കരുത്തിൽ 62 കാരി വേമ്പനാട്ട് കായൽ നീന്തിക്കയറി ചരിത്രത്തിൽ ഇടം നേടി. തൃശൂർ, അഞ്ചേരി, ജവഹർ നഗർ പുത്തൻപുരയിൽ പി വി ആന്റണിയുടെ ഭാര്യയും, മനഃശാസ്ത്രഞ്ജയും, ലൈഫ് ഇൻഷുറൻസ് കോര്പറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥയുമായ ഡോ. കുഞ്ഞമ്മ മാത്യൂസ് ആണ് ഏഴ് കിലോമീറ്ററോളം ആഴമേറിയ വേമ്പനാട്ട്കായൽ നീന്തിക്കടന്നത്.ശനി രാവിലെ 8.30 ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്തിലെ വടക്കുംകര ക്ഷേത്രകടവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു.7 കിലോമീറ്റർ ദൂരം 1 മണിക്കൂർ – 40 മിനിറ്റ് സമയം കൊണ്ട് നീന്തിയെത്തിയ കുഞ്ഞമ്മ യെ വൈക്കത്ത് നിഷ ജോസ് കെ മാണി കൈപിടിച്ച് കരക്ക് കയറ്റി.ഇതിനോടനുബന്ധിച്ച് വൈക്കം ബീച്ചിൽ നടന്ന അനുമോദനയോഗം നിഷാ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. ആർ.എം. ഒ. ഡോ.ഷീബ എസ്.കെ, എക്സ്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, ബാർ അസോസിയേഷൻ വൈസ് : പ്രസി:അഡ്വ: സ്മിതാ സോമൻ, സി.എൻ. പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ-ഓഡിനേറ്റർ ഷിഹാബ് കെ സൈനു എന്നിവരെ നിഷാ ജോസ് കെ മാണി ആദരിച്ചു.
അതിസാഹസികമായ ഈ നീന്തലിലൂടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് കുഞ്ഞമ്മ . ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലിൽ മികച്ച പ്രകടനം കാഴ്ചവച്ചുതുടങ്ങിയ ഡോ.കുഞ്ഞമ്മ മാത്യൂസിനെ കൂടുതൽ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ് പരിശീലകൻ ബിജു തങ്കപ്പനാണ് ആശയമുദിച്ചത്.
വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലായിരുന്നു കുഞ്ഞമ്മയുടെ പരിശീലനം. വേമ്പനാട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകരയിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശനിയാഴ്ച കുഞ്ഞമ്മ നീന്തി ചരിത്രത്താളിൽ ഇടം കണ്ടെത്തിയത് .