കോതമംഗലം:കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 കോടി കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നേത്ര ശാസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടെ ഓപ്താൽമിക് തിയേറ്റർ കോംപ്ലക്സ്, നവജാത ശിശുക്കൾക്കും അമ്മമാർക്കും വേണ്ടിയുള്ള പോസ്റ്റ് നേറ്റൽ വാർഡ്…. 165 KVA ട്രാൻസ്‌ഫോർമർ ഉൾപ്പെടുന്ന പുതിയ സബ്‌സ്റ്റേഷൻ, ആശുപത്രിയിലെ മുഴുവൻ കെട്ടിടങ്ങൾക്കും ഫയർ പൈപ്പ് ലൈൻ ഉൾപ്പെടുന്ന ആധുനിക അഗ്നിശമന സംവിധാനം, നവീകരിച്ച മെഡിക്കൽ ഗ്യാസ് പ്ലാന്റ് എന്നീ പ്രധാന സംവിധാനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണ പുരോഗതി വിലയിരുത്തി. എംഎൽഎ യോടൊപ്പം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ സാം പോൾ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, എച്ച് എം സി കമ്മിറ്റി അംഗം പി പി മൊയ്തീൻ ഷാ എന്നിവർ ഉണ്ടായിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണിപ്പോൾ സാധ്യമായിട്ടുള്ളതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും എം എൽ എ പറഞ്ഞു.