കോതമംഗലം : 2040ൽ ഇന്ത്യ സ്വന്തമായി ചന്ദ്രനിലേക്ക് ആളെ അയക്കുമെന്ന് വി എസ് എസ് സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർ. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 1980-85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലില്‍, മെയ്‌സ് 85 ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരണവും സുരേഷ് എസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഗന്‍യാന്‍-അതിനപ്പുറവും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തി. സ്‌പേസ് ഗവേഷണത്തിന് സ്റ്റാര്‍ട്ട്അപ്പുകള്‍, ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്നിവ തുടങ്ങുന്നതിന് വി.എസ്.എസ്.സി. യുടെ സഹകരണം ലഭ്യമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ ചന്ദ്രയാന്‍, ചൊവ്വ പര്യവേക്ഷണം, ഗോളാന്തരയാത്ര, ആദിത്യ, ലഗ്രാഞ്ചെപോയിന്റ്, എന്നിവയെക്കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന സ്ട്രക്ചുറല്‍ എന്‍ജിനീയര്‍മാരില്‍ ഒരാളും മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായിരുന്ന സുരേഷ് എസ് ന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തുന്ന സ്‌കോളര്‍ഷിപ്പ് വിതരണചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ പ്രസക്തിയും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ സംയോജിച്ച് പ്രവര്‍ത്തിക്കുന്നതുമൂലമുള്ള നേട്ടങ്ങളെക്കുറിച്ചും, സുരേഷ് എസ് ന്റെ ആത്മസമര്‍പ്പണം, സാങ്കേതിക കാര്യങ്ങളെക്കുറിച്ചുള്ള അവഗാഹത്തെക്കുറിച്ചും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ് സംസാരിച്ചു.
1980-85 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്‌നേഹബന്ധത്തെപ്പറ്റിയും സുരേഷ് എസ് ന്റെ പഠനമികവും സുരക്ഷിതത്വബോധവല്‍ക്കരണത്തെ സംബന്ധിച്ചും മണ്‍മറഞ്ഞുപോയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളെ സംബന്ധിച്ചും റിട്ട.പ്രൊഫസ്സര്‍ ആനിയമ്മ ചാക്കോ, എ ജെ റോയ്, ജോസഫ് വട്ടോത്ത്, അജയ്‌ഘോഷ്, മാത്യു കാവാലം എന്നിവര്‍ സ്മരണകള്‍ പുതുക്കി സംസാരിച്ചു.
കലാലയ പുരോഗതിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വളരെയേറെ പ്രയോജനപ്രദമാണെന്ന് ആശംസാപ്രസംഗത്തില്‍ അലുംമ്‌നി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ് പോള്‍ പറഞ്ഞു . വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണസ്ഥാപനങ്ങളും കാലത്തെ അതിജീവിക്കുന്നത് ഗവേഷണങ്ങളും നൂതന പദ്ധതികളും ആവിഷ്‌ക്കരിക്കുന്നതുകൊണ്ടാണെന്നും അതിനാല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ഗവേഷണവും നടത്തണമെന്നും അതിനായി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പിന്തുണ ഉണ്ടാകുമെന്നും പൂര്‍വ്വവിദ്യാര്‍ത്ഥിയായ ജോസഫ് വട്ടോത്ത് പറഞ്ഞു.
സുരേഷ് എസ് ന്റെ പത്‌നി സുശീല, മക്കളായ ഹരിശങ്കര്‍, ശ്രീലക്ഷ്മി, ഉമ എന്നിവര്‍ ചേര്‍ന്ന് ആദ്യത്തെ സ്‌കോളര്‍ഷിപ്പ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എബിന്‍ ജിജോയ്ക്ക് സമ്മാനിച്ചു.
ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സോളി ജോര്‍ജ്ജ് സ്വാഗതവും ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ജോണ്‍സണ്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തി.