കോതമംഗലം : വേട്ടാമ്പാറയിലെ ടാർ മിക്സിംഗ് പ്ലാന്റില്‍ നിന്ന് ടാര്‍ മിക്‌സുമായി പുറത്തേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ നാട്ടുകാര്‍ നേരത്തെമുതല്‍ പ്രക്ഷോഭത്തിലായിരുന്നു.നാട്ടുകാരുടെ എതിര്പ്പ് കണക്കിലെടുത്ത് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി.ഇതേതുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിറുത്തിവച്ചിരുന്നു.എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്.പ്ലാന്റില്‍ നിന്ന് ടാര്‍ മിക്‌സുമായി പുറത്തേക്കെത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു.സ്ത്രീകളുള്‍പ്പടെയുള്ളവര്‍ റോഡില്‍ കുത്തിയിരുന്നാണ് ലോറികളുടെ വഴി തടഞ്ഞത്.പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധവും പുകയും പൊടിയും തങ്ങളെ രോഗികളാക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ശ്വാസംമുട്ടും അലര്‍ജിയും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട്.ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.
പലതവണ സമരം നടത്തിയിട്ടും അധികാരികളോ പ്ലാന്റിന്റെ ഉടമസ്ഥരോ കണ്ണ് തുറക്കുന്നില്ലെന്നാണ് പരാതി.അധികാരികള്‍ പണംവാങ്ങിയതുമൂലമാണ് മൗനമെന്നും ആരോപണമുന്നയിക്കുന്നുണ്ട്്.പ്ലാൻറിൻ്റെ അനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ജനങ്ങള്‍ ഒപ്പിട്ട നിവേദനം സര്‍ക്കാരിന് നല്‍കിയി്ട്ടുണ്ട്.കോടതിയേയും സമീപിച്ചിട്ടുണ്ട്.പ്ലാന്റ് പൂര്‍ണ്ണമായി പൊളിച്ചുമാറ്റുന്നതുവരെ സമരരംഗത്ത് തുടരാനാണ് നാട്ടുകാരുടെ തീരുമാനം.ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയും ദൂരപരിധി പാലിച്ചുമാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതെന്നാണ് നടത്തിപ്പുകാര്‍ അവകാശപ്പെടുന്നത്.പ്ലാന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.