കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കോതമംഗലം ബൈബിൾ കൺവൻഷൻ ആരംഭിച്ചു. മാർച്ച് 10 ന് അവസാനിക്കത്തക്ക വിധത്തിൽ 5 ദിവസങ്ങളിലായി കൺവെൻഷൻ നടത്തപ്പെടും. പള്ളിവക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്. എല്ലാവർഷവും പാതിനോ മ്പിനോടനുബന്ധിച്ച് അങ്കമാലി ഭദ്രാസനത്തിലെ പള്ളികളുടെ സഹകരണത്തോടെയാണ് കൺവെൻഷൻ നടത്തുന്നത്.
കോതമംഗലം മേഖല മെത്രാപ്പോലീത്ത അഭി ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. “മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവ 338 വർഷങ്ങൾക്കു മുൻപ് മലങ്കരയിലേക്ക് പങ്കപ്പാടുകൾ സഹിച്ച് എഴുന്നള്ളി വന്നത് ഈ സഭയെ രക്ഷിക്കാനാണെന്നും പരി. ബാവായുടെ മദ്ധ്യസ്ഥതയാൽ ഈ സഭ പാതാള ഗോപുരങ്ങളെ തകർത്ത് ഉണർന്നെഴുന്നേൽക്കുമെന്നും മോർ യൂലിയോസ് തിരുമനസ്സുകൊണ്ട് ഉദ്ബോധിപ്പിച്ചു. ജനറൽ കൺവീനർ (വികാരി) ഫാ.ജോസ് പരത്തുവയലിൽ സ്വാഗതം ആശംസിച്ചു. കോതമംഗം എം.എൽ.എ. ആൻ്റണി ജോൺ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ഫാ. മാത്യു വയലാമണ്ണിൽ ( ഡയറക്ടർ അനുഗ്രഹ ധ്യാനകേന്ദ്രം) വചന സന്ദേശം നൽകി. പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ അനുഗ്രഹീത സാന്നിധ്യം വിവിധ ദിവസങ്ങളിൽ ഉണ്ടായിരിക്കും. ഫാ.ജോസ് തച്ചേത്ത് കുടി, സി.എ.ജോസ് ചുണ്ടേക്കാട്ട്, ജോർജ്ജ് പിണ്ടിമന എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ ഗായക സംഘം ഗാനങ്ങൾ ആലപിച്ചു.
ജനറൽ കൺവീനർ (വികാരി) ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ,പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ ഏലിയാസ് വർഗീസ് കീരംപ്ലായിൽ കെ.കെ. ജോസഫ് കരിങ്കുറ്റിപ്പുറം, എബി ചേലാട്ട്, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, ബിനോയി തോമസ് മണ്ണൻഞ്ചേരി, ഡോ. റോയി മാലിയിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. മാർച്ച് 07 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്ക്കാരം, 5.40 ന് ഗാനശുശ്രൂഷ, 6.40 ന് വചന ശുശ്രൂഷ പ്രൊഫ. ഫ്രാൻസിസ് ഇരിങ്ങാലക്കുട (ശാലോം ടി.വി), 8.30 ന് സമാപന പ്രാർത്ഥന…. എല്ലാ ദിവസവും യോഗാനന്തരം വിവിധ സ്ഥലങ്ങളിലേക്ക് വാഹനം ക്രമീകരിച്ചിട്ടുള്ളതായി ജനറൽ കൺവീനർ അറിയിച്ചു.