പെരുമ്പാവൂർ :പെരുമ്പാവൂരിലെ മുഖ്യ റോഡുകളിൽ റോഡപകടങ്ങളുടെ നിരക്ക് ഭയാനകമായ വിധത്തിൽ വർദ്ധിച്ചിരിക്കുകയാണെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു .എം സി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈ ഓവർ സ്ഥാപിക്കുന്നതിന് രണ്ടുവർഷം മുൻപേ പദ്ധതി തയ്യാറാക്കി നൽകിയിരുന്നെങ്കിലും നാമമാത്രമായ തുക മാത്രമാണ് ബഡ്ജറ്റിൽ വകയിരുത്തിയത് .നിരന്തരം അപകടം നടക്കുന്ന ഔഷധി ജംഗ്ഷനിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു .
കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി പേരുടെ ജീവനുകളാണ് പെരുമ്പാവൂരിൽ നഷ്ടപ്പെട്ടിരിക്കുന്നത് .ഈ സാഹചര്യത്തിൽ അടിയന്തരമായി ട്രാഫിക് അഡ്വൈസറി കമ്മിറ്റി ചേരുന്നതിന് ബന്ധപ്പെട്ടവർക്ക് എംഎൽഎ നിർദ്ദേശം നൽകി . ആവശ്യമായ ഇടങ്ങളിലെല്ലാം ട്രാഫിക് അടയാളങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നടപടിക്രമങ്ങളും സ്ഥാപിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അറിയിച്ചു .
വെങ്ങോല ജംഗ്ഷൻ ,വല്ലം ജംഗ്ഷൻ ഉൾപ്പെടെയുള്ള പെരുമ്പാവൂരിലെ പ്രധാന ജംഗ്ഷനുകളിൽ എല്ലാം സിഗ്നൽ ലൈറ്റുകൾ സ്വകാര്യപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാ ണെന്നും ,അടുത്ത ആഴ്ചയോടെ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും എംഎൽഎ പറഞ്ഞു .