കോതമംഗലം : കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ പ്രവർത്തിച്ചിരുന്ന കെ എസ് ആർ ടി സി യുടെ ഇൻഫോർമേഷൻ കൗണ്ടർ അധികാരികൾ അടച്ചു പൂട്ടി. ഇതോടെ കെ എസ് ആർ ടി സി ബസുകളുടെ
യാത്രാ സമയം അറിയാൻ എത്തിയവർ വലഞ്ഞു. സ്ത്രീകളും കുട്ടികളും വ്യദ്ധരുമടക്കം എത്തിയ
യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുന്നതിനായി
കോതമംഗലം നഗരത്തിൽ യാത്രക്കാർ ഏറ്റവും കൂടുതൽ എത്തുന്നത് മുനിസിപ്പൽ ബസ് സ്റ്റാൻഡിലാണ്.
കെ എസ് ആർ ടി സി ബസുകളുടെ യാത്ര സമയം അറിയുന്നതിന് യാത്രക്കാർ ആശ്രയിച്ചിരുന്ന കൗണ്ടറാണ്
കോതമംഗലം ഡിപ്പോയിലെ അധികാരികൾ ഒരു ബദൽ സംവിധാനവും ഒരുക്കാതെ
പൂട്ടിയത്.
ഡിപ്പോയിലെ ജീവനക്കാരിൽ രോഗം ബാധിതരായുള്ളതും മറ്റു ജോലികളിൽ നിയമിച്ചാൽ
കൃത്യനിർവഹണത്തിന് കഴിയാത്ത സാഹചര്യമുള്ളവരെയാണ് മുനിസിപ്പൽ സ്റ്റാൻ്റിലെ കെ എസ് ആർ ടി സി കൗണ്ടറിൽ നിയമിച്ചിരുന്നത്.രണ്ട് ജീവനക്കാർ കൗണ്ടറിൽ സേവനം അനുഷ്ഠിച്ചു വന്നിരുന്നു.
വകുപ്പ് തലത്തിലോ ഉന്നത അധികാരികളുടെ യാതൊരുവിധ ഉത്തരവോ മറ്റോ ലഭിക്കാതെ ഡിപ്പോ അധികാരികൾ കൗണ്ടറുകൾ നിർത്തലാക്കിയതോടെ കെ എസ് ആർ ടി സി യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.
മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ കെ എസ് ആർ ടി സി യുടെ കൗണ്ടറുകൾ പുനരാരംഭിക്കണമെന്ന് സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോ അധികാരികളുടെ
നടപടി പിൻവലിക്കാത്ത പക്ഷം സി പി ഐ കോതമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി കോതമംഗലം ഡിപ്പോയിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി അറിയിച്ചു.