കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം.
കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. രാമചന്ദ്രൻ മീൻ പിടിക്കാൻ പോയതുകൊണ്ട് വീട്ടിൽ തനിച്ചായ ശാരദ അടുത്തുള്ള മകൻ്റെ വീട്ടിലാണ് ഉറങ്ങാൻ കിടന്നത്.
ആനക്കൂട്ടമെത്തിയപ്പോൾ മറ്റാരും വീട്ടിലില്ലാത്തതു കൊണ്ട് അപകടം ഒഴിവായി. സമീപത്തുള്ള മറ്റൊരു മകൻ്റെ വീടിൻ്റെ അടുക്കള വാതിലും ആനകൾ തകർത്തിട്ടുണ്ട്.പുരയിടത്തിലെ കൗവുങ്ങ് ഉൾപ്പെടെയുള്ള കൃഷികളും നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
