കോതമംഗലം: നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അപ്‌ഗ്രേഡ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതിപ്പെടുമെന്ന് കിഫ ജില്ലാ കമ്മറ്റി അറിയിച്ചു. 25,000ന് മുകളില്‍ ജനസംഖ്യയുള്ളതും, അതില്‍ തന്നെ 5000ത്തോളം ഗോത്രവര്‍ഗത്തില്‍പ്പെട്ടവരും അധിവസിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തില്‍ ആകെയുള്ള ഒരു സര്‍ക്കാര്‍ ആശുപത്രിയാണ് കുട്ടമ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം. ഉള്‍ക്കാടുകളിലുള്ള പതിനേഴോളം ആദിവാസി കുടികളിലായി 1300 ല്‍ അധികം വീടുകളുണ്ട്. ആദിവാസികള്‍ കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ രോഗികളുമായി സഞ്ചരിച്ച് കുട്ടമ്പുഴ ആശുപത്രിയിലെത്തുമ്പോഴേക്കും സന്ധ്യയാകും. കൂടാതെ ആശുപത്രി അടച്ചിട്ടുമുണ്ടാകും. ഇതോടെ വീണ്ടും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ മാത്രമേ കോതമംഗലത്തുള്ള ഏതെങ്കിലും ആശുപത്രികളില്‍ എത്താന്‍ സാധിക്കൂവെന്ന അവസ്ഥയാണ്. മഴക്കാലമായാല്‍ അവര്‍ അനുഭവിക്കുന്ന ദുരിതം ഇരട്ടിയാകും. ഇതിനൊരു പരിഹാരമെന്നനിലയില്‍ 2013ല്‍ എംഎല്‍എയായിരുന്ന ടി.യു. കുരുവിള 15 ലക്ഷം അനുവദിച്ച് ആശുപത്രിയില്‍ കിടത്തി ചികിത്സ ഒരുക്കുന്നതിനായി ഐപി ബ്ലോക്ക് നിര്‍മിച്ചിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ പിന്നീട് പഞ്ചായത്ത് ഭരണസമിതി മാറിവരുകയും 2017-18ല്‍ സര്‍ക്കാര്‍ ആദ്രം മിഷന്‍ പദ്ധതിയില്‍പ്പെടുത്തി ആശുപത്രി അപ്ഗ്രഡേഷന്‍ എന്നപേരില്‍ ഐപി ബ്ലോക്കിന്റെ സൗകര്യങ്ങള്‍ വേണ്ടന്നുവെച്ച് അശുപത്രിയുടെ കിടത്തി ചികിത്സക്കായി ഒരുക്കിയിരുന്ന അടിസ്ഥാന സൗകാര്യങ്ങളില്‍ മാറ്റംവരുത്തി. തുടര്‍ന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ കൃത്യമായ സത്യവാങ്മൂലം നല്‍കുകയും, 2020 ഓഗസ്റ്റ് 10ന് വ്യക്തമായ മാര്‍ഗനിര്‍ദേശത്തോടെ കമ്മീഷന്‍ ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിക്കുകയും ചെയ്തു. വിധിയില്‍ കുട്ടന്പുഴ പഞ്ചായത്തിനോട് അടിയന്തിരമായി കിടത്തി ചികിത്സയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടും ഒരുക്കണമെന്നും,ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം പിന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് നവകേരള സദസില്‍ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവയ്ക്കുന്നത്. പ്രദേശത്തിന്റെ പൊതുവായ ആവശ്യവും, വികാരവും എന്നുള്ള നിലയ്ക്ക് വിഷയത്തില്‍ വേണ്ടിവന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിനും തീരുമാനിച്ചതായി പ്രസിഡന്റ് അറിയിച്ചു.
