കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലെ വാർത്താവിനിമയ രംഗത്ത് വൻ കുതിച്ചു ചാട്ടം. ബിഎസ്എൻഎൽ എട്ട് മൊബൈൽ ടവറുകളാണ് വിവിധയിടങ്ങളിലായി സ്ഥാപിക്കുന്നത്.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു മൊബൈൽ ഫോണുകളുടെ റേഞ്ച് ഇല്ലായ്മ. മൊബൈൽ ഫോണുകൾ ഊരുകളിലെത്തിയെങ്കിലും ഇത് ഒരു കാഴ്ചവസ്തു മാത്രമായിരുന്നു ഇതുവരെ.
ഊരുവിട്ട് മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഇവർക്ക് ഫോണുകൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. ഇനി ഇതിന് ഒരു മാറ്റമുണ്ടാകാൻ പോവുകയാണ്.
ഏകദേശം നാല് കോടിയിൽപ്പരം രൂപ ചെലവിട്ടാണ് ബിഎസ്എൻഎൽ ടവവുകൾ ഊരുകളിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുന്നത്.
കൃത്യമായ വാർത്താവിനിമയമാണ് വികസനത്തിൻ്റെ കാതലെന്നും ടവറുകളുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകുമെന്നും തലവച്ചപാറ ആദിവാസി കോളനിയിലെത്തിയ ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.
ഭരണപരമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, ആശുപത്രിയടക്കമുള്ള ആവശ്യങ്ങൾക്കും മൊബൈൽ ടവറുകൾ വരുന്നതോടെ സാധ്യമാകുമെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും, തല വച്ച പാറ ആദിവാസി കോളനിയിലെ താമസക്കാരിയുമായ കാന്തി വെള്ളക്കയ്യൻ പറഞ്ഞു.
ഊരിനു വെളിയിൽ പഠിക്കാൻ പോയിട്ടുള്ള കുട്ടികളുടെ വിവരങ്ങൾ അറിയാനും, വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കാനും ടവർ വരുന്നതോടെ സാധ്യമാകുമെന്ന് വീട്ടമ്മയായ ലക്ഷ്മി പറഞ്ഞു.
തലവച്ചപാറ ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എംപി ടവർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ, സിബി കെഎ , ജോഷി പൊട്ടക്കൽ, മേരികുര്യാക്കോസ്, ഗോപി ബദൻ,നടരാജൻ, അല്ലി കൊച്ചാലങ്കാരൻ,തുടങ്ങിയവർ പ്രസംഗിച്ചു.