പെരുമ്പാവൂര്‍: മധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുടക്കുഴ സ്വദേശി വേലായുധന്‍(49) നെ കൊലപ്പെടുത്തിയ കേസിലാണ് കൊമ്പനാട് പാണിയേലി മാനാംകുഴി ലിന്റോ(26), ഓലിപ്പാറ ഈസ്റ്റ് ഐമുറി പുളിയാമ്പിള്ളി സഞ്ജു(22) എന്നിവരെ കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടോടെ കോടനാട് കല്ലുമലഭാഗത്തായിരുന്നു സംഭവം. വെട്ടേറ്റ് അവശനിലയില്‍ റോഡരികില്‍ കാണപ്പെട്ട വേലായുധനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ നെടുമ്പാശേരിയിലെ ഹോട്ടലില്‍നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. 17 ക്രിമിനല്‍ കേസുകളിലെ പ്രതിയും കാപ്പ നിയമപ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചയാളുമാണ് ലിന്റോ. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐ പി.ജെ. കുര്യാക്കോസ് എഎസ്‌ഐമാരായ അഭിലാഷ്, അജി പി. നായര്‍ സിപിഒ മാരായ പി.എസ്. സുനില്‍കുമാര്‍, ബെന്നി ഐസക്, പി.എ. നൗഫല്‍, അബ്ദുള്‍ മനാഫ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
