കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനം തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ കൂടുതല്‍ കര്‍ശനമായി മുന്നോട്ട് പോകണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ എം.എല്‍.എ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നെല്ലിക്കുഴി ഉള്‍പ്പെടെയുള്ള താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി യോഗം വിലയിരുത്തി. എക്‌സ്സൈസ് , പോലീസ് വകുപ്പുകള്‍ ടി വിഷയത്തില്‍ ഗൗരവമായി ശ്രദ്ധ ചെലുത്തേണ്ടതും ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും എം.എല്‍.എ അറിയിച്ചു . ഈ വര്‍ഷത്തെ മാര്‍ത്തോമ ചെറിയപള്ളിയുടെ കന്നി 20 തീയതി പെരുന്നാള്‍ വിജയകരമായി നടത്തിയതില്‍ ബന്ധപ്പെട്ടവരെ വികസനസമിതി യോഗം അഭിനന്ദിച്ചു.. താലൂ ക്കിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായി വന്യമൃഗശല്യം പരീഹരിക്കുന്നതിനും റോഡുകളിലെ അനധികൃതമായ പാര്‍ക്കിംഗ് നിയന്ത്രിക്കേണ്ടത് സംബന്ധിച്ചും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കോതമംഗലം നഗരസഭയില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസ് ഉടന്‍ തന്നെ ആരംഭിക്കുന്നതാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോതമംഗലം നഗരങ്ങളിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്ത സാഹചര്യത്തില്‍ തുടര്‍ന്നും കര്‍ശന പരിശോധന നടത്തുവാന്‍ യോഗം തീരുമാനിച്ചു . നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ടിയാളുകള്‍ക്കെതിരെ പിഴ അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടതായി യോഗത്തില്‍ തീരുമാനിച്ചു. കുട്ടമ്പുഴ ഭാഗത്തെ ജല ദൗര്‍ ലഭ്യം, വന്യമൃഗശല്യം എന്നിവ യോഗം ചര്‍ച്ച ചെയ്തു. പന്തപ്ര കോളനിയിലെ 79 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസ നടപടികളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. സമയബന്ധിതമായ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതാണെന്ന് തഹസില്‍ദാര്‍ ആവശ്യപ്പട്ടു. കീരംപാറ പഞ്ചായത്ത് പ്രദേശത്ത് അപകടകരമായി നില്‍ക്കുന്ന പാറക്കല്ലുകള്‍ എത്രയും വേഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു. കോതമംഗലം തഹസില്‍ദാര്‍ റെയ്ച്ചല്‍ കെ വര്‍ഗീസ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, കോതമംഗലം നഗരസഭ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം നൗഷാദ് , മുവാറ്റുപുഴ എം.എല്‍.എ പ്രതിനിധി അഡ്വ. അജു മാത്യു , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം എസ് എല്‍ദോസ്,തോമസ് റ്റി ജോസഫ്,സാജന്‍ അമ്പാട്ട് ,ബേബി പൗലോസ് , എന്‍ സി ചെറിയാന്‍ , വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു .
