കോതമംഗലം : മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജും, എം. എ. എഞ്ചിനീയറിംഗ് കോളേജും ശ്രീലങ്കയിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവഴി വിഞ്ജാനം, ഗവേഷണം, പാഠ്യപദ്ധതി പരിഷ്‌ക്കരണം തുടങ്ങിയ മേഖലകളിൽ അന്തർദ്ദേശീയ സാദ്ധ്യതകൾ അക്കാദമികരംഗത്ത് പരസ്പരം പ്രയോജനപ്പെടുത്താനാണ് ശ്രമം.
ശ്രീലങ്ക നാഷണൽ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ഗ്രീൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഇ.എ. വീരസിംഗം, കൊളംബോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. എച്ച്. ഡി. കരുണരത്നെ, ശ്രീലങ്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി പ്രതിനിധികൾ, ഈസ്റ്റേൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. വി. കനകസിംഗം, ശ്രീലങ്കൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി രോഹിതാ ഉദ്‌വവാല, ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി എൽദോസ് മാത്യു പുന്നൂസ് എന്നിവരുമായി എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമിക ചർച്ചകൾ നടത്തി.
തുടർന്ന് ശ്രീലങ്ക നാഷണൽ സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് (NSBM) ഗ്രീൻ യൂണിവേഴ്സിറ്റിയുമായി എം. എ. കോളേജും, എം. എ. എഞ്ചിനീയറിംഗ് കോളേജും ധാരണാപത്രം ഒപ്പുവച്ചു. കഴിഞ്ഞ ദിവസം എൻ എസ് ബി എം ഗ്രീൻ യൂണിവേഴ്സിറ്റിയിൽ വച്ചായിരുന്നു ഇരുസ്ഥാപനങ്ങളുടേയും പ്രതിനിധികൾ ധാരണാപത്രം ഒപ്പുവച്ചത്. എൻ. എസ്. ബി. എം ഗ്രീൻ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചാൻസ്‌ലർ പ്രൊഫ. ഇ. എ. വീരസിംഗം, ഡെപ്യൂട്ടി വൈസ് ചാൻസ്‌ലർ പ്രൊഫ. ചാമിൻ രനായകെ, പ്രൊഫ. ഭരത് ഡോദൻ കൊതുവ എന്നിവരും ഫാക്കൽറ്റി ഡീൻമാരും മുതിർന്ന അദ്ധ്യാപകരും ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തു. കോതമംഗലം മാർ അത്തനേഷ്യസ് അസോസിയേഷനെ പ്രതിനിധീകരിച്ച് കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, എം. എ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എം. എ.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗ്ഗീസ്, ഡോ. രാജേഷ് കെ. തുമ്പക്കര, ഡോ. ശാലിനി ബിനു, ഡോ. കുര്യൻ ജോൺ, ഡോ. എൽസൺ ജോൺ, ഇന്റർനാഷണൽ റിലേഷൻസ് ഓഫീസർ ദിവ്യ എസ്. പി. എന്നിവരും ധാരണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
