- ഷാനു പൗലോസ്
കോതമംഗലം: മാർ തോമ ചെറിയ പള്ളിയിൽ കുത്തുകുഴി മാറാച്ചേരി തോമസ് പോൾ റമ്പാന് വികാരിയാകുവാൻ കഴിയില്ലെന്ന മുൻസിഫ് വിധിക്കെതിരെ കോട്ടയം കഞ്ഞിക്കുഴി ആസ്ഥാനമായ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം മേൽ കോടതിയിൽ നൽകിയ അപ്പീൽ 2023 ഏപ്രിൽ 10 തിങ്കളാഴ്ച പരിഗണിക്കും.
അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി കോതമംഗലത്ത് എത്തിയ പരിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടമുള്ള സർവ്വ മത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ നൂറ്റാണ്ടുകളായി നിലവിലുള്ള യാക്കോബായ സുറിയാനി സഭയുടെ വിശ്വാസാചാരങ്ങൾ പൂർണ്ണമായും നിർത്തലാക്കി 2017 ജൂലൈ 3ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ 1934 ഭരണഘടന പ്രകാരം റമ്പാനെ വികാരിയായി പരിഗണിക്കണമെന്ന ആവശ്യം മുൻസിഫ് കോടതി തള്ളിയതിനെ ചോദ്യം ചെയ്യുന്നതിലൂടെ കോതമംഗലത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടും തകർക്കുവാനാണ് ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയ് മണ്ണഞ്ചേരി എന്നിവർ പറഞ്ഞു.
മേൽ കോടതി അപ്പീൽ പരിഗണിക്കുന്ന തിങ്കളാഴ്ച പള്ളിയിൽ ജാഗരണ പ്രാർത്ഥനക്കായി നിരവധി വിശ്വാസികളെത്തും. നീതിയുള്ള വിധിയെ അസ്ഥിരപ്പെടുത്തുവാനുള്ള ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കത്തെ കോതമംഗലത്തെ എല്ലാ ജനങ്ങളും ഒറ്റകെട്ടായി എതിർക്കുമെന്നും, നിലവിലുള്ള വിശ്വാസാചരത്തിൽ തന്നെ പള്ളി സംരക്ഷിക്കുമെന്നും മതമൈത്രി ഭാരവാഹികളായ ഏ.ജി ജോർജ്, കെ.എ നൗഷാദ്, അഡ്വ. രാജേഷ് രാജൻ എന്നിവർ പ്രതികരിച്ചു.
1934 ഭരണഘടന പ്രകാരം തന്നെ വികാരിയായി ചുമതലപ്പെടുത്തിയിട്ടും, പള്ളിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി കോതമംഗലം കുത്തുകുഴി സ്വദേശിയായ മാറാച്ചേരിൽ തോമസ് പോൾ റമ്പാൻ നൽകിയ കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിശദമായ തെളിവെടുപ്പിനും , വാദ-പ്രതിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ദിവസമാണ് കോതമംഗലം മുൻസിഫ് കോടതി വിധി പറഞ്ഞത്.
ഓർത്തോഡോക്സ് വിഭാഗം ഫയൽ ചെയ്ത OS 448/2019 കേസിൽ ഉന്നയിച്ച കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കുവാൻ കഴിയാത്തതിനാൽ ഓർത്തഡോക്സ് സഭാംഗമായ തോമസ് പോളിന് മാർ തോമ ചെറിയ പള്ളിയിൽ വികാരിയായി പ്രവർത്തിക്കുവാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി കളഞ്ഞു കൊണ്ടാണ് യാക്കോബായ സഭയുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന വിധി ഉണ്ടായത്. കോതമംഗലം മുൻസിഫ് കോടതിയുടെ അന്തിമ വിധി പ്രകാരം, ഈ കേസിനോട് അനുബന്ധിച്ചുണ്ടായിരുന്ന IA ഇല്ലാതായതോടെ അത് നടപ്പിലാക്കാനുള്ള പോലീസ് പ്രൊട്ടക്ഷൻ വിധിയും, കോടതി അലക്ഷ്യ ഹർജിയുമടക്കം എല്ലാ ഹൈക്കോടതി വിധികളും അപ്രസക്തമായി. നിലവിൽ മാർ തോമ ചെറിയ പള്ളിക്ക് കോതമംഗലം മുൻസിഫ് വിധി മാത്രമാണുള്ളത്.