കോതമംഗലം : തുടർച്ചയായി ലഭിച്ച രണ്ട് പുരസ്‌കാരങ്ങളുടെ തിളക്കത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും. സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകർക്ക് നൽകുന്ന രണ്ട് പുരസ്‌കാരങ്ങളാണ് ഡോ. മഞ്ജുവിനെ തേടിയെത്തിയത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിരിക്കുന്ന 25- മത് ബർക്കുമൻസ് അവാർഡും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മികച്ച അദ്ധ്യാപകർക്ക് നൽകുന്ന ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരവും മഞ്ജു കുര്യന് ലഭിച്ചപ്പോൾ കോതമംഗലം എം. എ. കോളേജിന് ഇരട്ടി മധുരം.എസ് ബി കോളേജിൽ വച്ചു നടന്ന ചടങ്ങിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ പ്രൊഫ.ഡോ.ചന്ദ്രഭാസ് നാരായണ ബർക്കുമൻസ് അവാർഡ് സമ്മാനിച്ചു.25,000രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അധ്യാപന, ഗവേഷണ രംഗത്തെ മികവും, സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നു ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നാണ് ഡോ. മഞ്ജു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്.പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, പ്രതിഭകളെ കണ്ടെത്തി ഏറ്റവും നല്ല രീതിയിൽ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റാണ് കോതമംഗലം എം. എ. കോളേജ് മാനേജ്മെന്റ് എന്നും മഞ്ജു പറഞ്ഞു. തന്നെ ഇന്നത്തെ നല്ല അധ്യാപികയാക്കി മാറ്റിയതിൽ തന്റെ മാതാപിതാക്കൾക്കും, കുടുംബത്തിനും, സഹപ്രവർത്തകർക്കും വലിയ പങ്കുണ്ടെന്നും ഡോ. മഞ്ജു സൂചിപ്പിച്ചു.കോലഞ്ചേരി,കാഞ്ഞിരവേലിയിൽ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. എം. കുര്യാച്ചൻ -വി. കെ സൂസൻ എന്നിവരുടെ മകളാണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ മികച്ച കോളേജ് അദ്ധ്യാപകർക്കുള്ള ഫാ. ഡോ. ജോസ് തെക്കൻ പുരസ്‌കാരം ചൊവ്വെഴ്ച എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ.സാബു തോമസ് ക്രൈസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഡോ. മഞ്ജുവിന് സമ്മാനിച്ചിരുന്നു. 50,000രൂപയും ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപകൻ ഓടക്കാലി,പനിച്ചയം പാറപ്പാട്ട് ഡോ. ജിസ് പോളിന്റെ ഭാര്യയാണ്.വിദ്യാർത്ഥിനികളായ അഞ്ജലി,അലീന എന്നിവർ മക്കളാണ്. തുടർച്ചയായി സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപികക്കുള്ള രണ്ട് അവാർഡുകൾ കരസ്ഥമാക്കിയ ഡോ. മഞ്ജു കുര്യനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അഭിനന്ദിച്ചു.