കോതമംഗലം :- ഇടമലയാർ ഗവൺമെൻ്റ് യു പി സ്കൂളിനു നേരെ കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണം;വൻ നാശനഷ്ടം; ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് സംഭവം. ആറോളം വരുന്ന കാട്ടാനക്കൂട്ടമാണ് ഇമലയാർ ഗവ. യു പി സ്കൂളിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. 5 ക്ലാസ് മുറികളുടെ ജനാലകളും, സ്റ്റോർ റൂമും , കുടിവെള്ള ടാങ്കും പൈപ്പുകളും, കുട്ടികളുടെ പച്ചക്കറിത്തോട്ടവും, പ്രാഥമിക ആവശ്യങ്ങൾക്കായുള്ള അഞ്ചു ശുചിമുറികളും കാട്ടാനകൾ തകർത്തിട്ടുണ്ട്. ഇടമലയാർ വന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനു നേരെ 2016 ലും കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ കുട്ടികൾ കണ്ടത് തകർന്ന ക്ലാസ് മുറികളാണ്. സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുന്നത് വരെ വിദ്യാർത്ഥികളെ താത്കാലികമായി സ്കൂൾ മുറ്റത്തെ മരച്ചുവട്ടിൽ ഇരുത്തുകയായിരുന്നു. താളുകണ്ടം, പൊങ്ങൻചുവട് ഭാഗത്തുനിന്നുമുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

ഫെൻസിംഗ് പ്രവർത്തന രഹിതമായതാണ് പ്രശ്നമായതെന്നും ബദൽ സംവിധാനമൊരുക്കി പരീക്ഷകൾ നടത്തുമെന്നും സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ജോയി OP പറഞ്ഞു. സ്കൂളിന് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ആനശല്യം നേരിടാൻ തക്കതായ നടപടികൾ സ്വീകരിക്കുമെന്നും കുട്ടമ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ EC റോയി പറഞ്ഞു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				