കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സാമൂഹ്യ സേവന വിഭാഗമായ മാർ ബേസിൽ ഡയാലിസിസ് കെയർ പദ്ധതിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. 2023 ഫെബ്രുവരി 26 ഞായറാഴ്ച വൈകിട്ട് 5.30 ന് പള്ളി വക മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ ആയിരുന്നു വാർഷിക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സ്വപ്ന പദ്ധതിയായ മാർ ബേസിൽ ഡയാലിസിസ് കെയർ വഴി കഴിഞ്ഞ ഒരു വർഷം അയ്യായിരത്തിലധികം ഡയാലിസിസ് നിർധനരായ വൃക്ക രോഗികൾക്കു നൽകുവാൻ സാധിച്ചു. കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, ധർമ്മഗിരി സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ, അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രി, നെല്ലിക്കുഴി പീസ് വാലി ഫൗണ്ടേഷൻ, അല്ലപ്ര കൊയ്നോണിയ ഡയാലിസിസ് സെന്റർ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മാർ തോമ ചെറിയ പള്ളി ഡയാലിസിസ് പദ്ധതി നടപ്പാക്കുന്നത്.
മാർ ബേസിൽ ഡയാലിസിസ് കെയർ പദ്ധതിയുടെ ഒന്നാം വാർഷിക സമ്മേളനം കോതമംഗലം എം.എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തു വയലിൽ അദ്ധ്യക്ഷത വഹിച്ചു. ചെറിയപള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി സ്വാഗതം ആശംസിച്ചു. മുൻ മന്ത്രി ഷെവ.ടി.യു കുരുവിള 2023 – 24 വർഷത്തേക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ഈ വർഷം ചെറിയപള്ളി വിഭാവനം ചെയ്യുന്നത്. ചടങ്ങിൽ 300 ഡയാലിസിസ് സ്പോൺസർ ചെയ്ത് ഈ പദ്ധതിയുടെ മുഖ്യ സ്പോൺസറായ മുൻ മന്ത്രി ഷെവ.ടി.യു കുരുവിളയെ പ്രത്യേകമായി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ. ടോമി, മതമൈത്രി സംരക്ഷണ സമിതി കൺവീനർ കെ.എ. നൗഷാദ്, ധർമ്മഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ അഭയ, പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ പി.എംഅബൂബക്കർ , പള്ളി ട്രസ്റ്റി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. മാർ ബേസിൽ ഡയാലിസിസ് കെയർ പദ്ധതിയുടെ ജനറൽ കൺവീനർ എബി ഞാളിയത്ത് കൃതഞ്ജത അറിയിച്ചു. പ്രശ്സത പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച കലാസന്ധ്യ – 2023 മെഗാ ഷോ ഒന്നാം വാർഷീക ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.