കോതമംഗലം : കോതമംഗലം ഏറെ കാലമായി കാത്തിരുന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ ആദ്യ റീച്ചിലെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് മുന്നോടിയായി ടാറിങ് ജോലികൾ ആരംഭിച്ചു.തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതാണ് ആദ്യ റീച്ച്.ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്ജറ്റിലാണ് ഒന്നാം റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്. ടി തുക ഉപയോഗിച്ച് കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിയിട്ടുള്ളത്.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെ വരുന്ന രണ്ടാം റീച്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2019-20 സംസ്ഥാന ബഡ്ജറ്റിൽ തന്നെ 10 കോടി രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടർ നടപടികൾ എല്ലാം പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായിട്ടുള്ള കെ എ നൗഷാദ്,കെ വി തോമസ്,ബിൻസി തങ്കച്ചൻ,കൗൺസിലർ ഏലിയാമ്മ ജോർജ്ജ്,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് കെ എസ്,അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ് എന്നിവരടക്കമുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരും,പൊതുമരാമത്ത് ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.