കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി(ചെറുവട്ടൂർ),പിണ്ടിമന(മുത്തംകുഴി) പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി.ഇതു സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നിരവധിയായ ആളുകൾ ദിവസേന ചികിത്സയ്ക്കായി എത്തുന്ന പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
ആർദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നെല്ലിക്കുഴി,പിണ്ടിമന ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തിയിട്ടുണ്ട്.അതിന്റെ ഭാഗമായി എൻ എച്ച് എം മുഖേനയുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള പ്രവർത്തികൾ പൂർത്തിയാകുവാനുണ്ട്.പ്രസ്തുത പ്രവർത്തികൾ 2022 ഡിസംബർ മാസത്തോടു കൂടി പൂർത്തിയാക്കുന്നതാണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവന മേഖല വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെ ആക്കുകയും നേഴ്സ് പ്രീ ചെക് അപ് കൗൺസിലിംഗ് സേവനങ്ങൾ നിത്യേനയുള്ള ജീവിതശൈലി രോഗ ക്ലിനിക്കുകൾ,ആസ്മ,ശ്വാസംമുട്ടൽ, രോഗങ്ങൾക്കുള്ള ശ്വാസ ക്ലിനിക്കുകൾ,മാനസികാരോഗ്യ പരിചരണത്തിനുള്ള ആശ്വാസ് ക്ലിനിക്ക്,നേഴ്സുമാരുടെ സ്ഥാപന തല ഔട്ട് റീച്ച് പ്രോഗ്രാം തുടങ്ങിയവ നടത്തി വരുന്നു.ഈ സ്ഥാപനങ്ങളിൽ ലബോറട്ടറി സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ ലഭ്യമാക്കുക,ഫീൽഡ് തല പ്രവർത്തനങ്ങളും,ഉപ കേന്ദ്ര പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരികയാണെന്നും 2022 ഡിസംബർ മാസം അവസാനത്തോടെ പ്രസ്തുത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുന്നതുമായി ബന്ധപ്പെട്ടെ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.