കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് ആലുവായിൽ നിന്ന് കോതമംഗലത്തേയ്ക്ക് നടത്തിയ വിളംബര റാലിക്ക് വിവിധ കേന്ദ്രങ്ങളിൽ വൻ സ്വീകരണം.
മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ കാവൽ പിതാവായ പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനി കബറടങ്ങിയിരിക്കുന്ന ആലു വായിലെ തൃക്കുന്നത്ത് സെമിനാരിയിൽ നിന്നും 60 ഇരുചക്ര വാഹനങ്ങളുടേയും 60 കാറുകളുടേയും അകമ്പടിയോടെ നടത്തിയ വിളംബര റാലി ആലുവ മാസ്സ് ഹാളിൽ രാവിലെ 8.15 ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷം ആലുവ എം.എൽ.എ. അൻവർ സാദത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി. മുൻസിപ്പൽ വൈസ് ചെയർമാൻ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
ആലുവായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയുടെ ഛായാ ചിത്രവും കോതമംഗലം മാർത്തോമൻ ചെറിയ പള്ളി യിലെ എൽദോ മാർ ബസേലിയോസ് ബാവായുടെ കബറടത്തിന്റെ ഫോട്ടോയും വഹിച്ചു കൊണ്ടുള്ള വിളംബര റാലിക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ ബെന്നി ബഹനാൻ എം.പി., മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.മുവാറ്റുപുഴ യിൽ വിളംബര റാലിയെ മുൻസിപ്പൽ ചെയർമാൻ പി പി എൽദോസും കൗൺസിലർമാരും വരവേറ്റു. വിളംബര റാലി കോതമംഗലം ടൗണിൽ എത്തിയപ്പോൾ ആന്റണി ജോൺ എം.എൽ.എ., മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി എന്നിവർ സ്വീകരിച്ച് അനുഗമിച്ചു.
വിളംബര റാലി കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ എത്തിയ പ്പോൾ ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, മുൻ മന്ത്രി ഷെവ. ടി യു കുരുവിള എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയതിന് ശേഷം എൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കൽ പ്രാർത്ഥിച്ച് ആശീർവാദം ഏറ്റുവാങ്ങി കോളേജിൽ എത്തിച്ചേർന്നു.
കോളേജിൽ എത്തിയ വിളംബര റാലിയെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷൻ വൈസ് ചെയർമാൻ എ.ജി ജോർജ്ജ്, ട്രഷറർ ജോർജ്ജ് കെ പീറ്റർ, എക്സി ക്യൂട്ടീവ് കമ്മിറ്റി അംഗം എം.എം ഐസക്, ഗവേണിംഗ് ബോർഡ് അംഗങ്ങൾ ആയ പ്രൊഫ. എം കെ ബാബു, പ്രൊഫ. എസി എം കൊറ്റാലിൽ, കുഞ്ഞച്ചൻ എ കുരുവിള, സുനു ജോർജ്ജ് ആനച്ചിറ, വർഗീസ് ജോർജ്ജ് പള്ളിക്കര, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എം. എ കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, സംഘാടക സമിതി ഭാരവാഹികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.