കുട്ടമ്പുഴ: ജില്ലയിലെ ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതിക്ക് എൻ്റെ നാട് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. കുഞ്ഞിപ്പാറ, തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം ആദിവാസികളാണുള്ളത്. പൂയംകുട്ടി പുഴയ്ക്കു കുറുകെയുള്ള ബ്ലാവന കടത്തിറങ്ങി കിലോമീറ്ററുകളോളം വനപാതയിലൂടെ സഞ്ചരിച്ചു വേണം കോളനിക്കാരുടെ ആശ്രയ കേന്ദ്രമായ കല്ലേലിമേട്ടിൽ എത്താൻ. വൈദ്യുതി പോലുമില്ലാത്ത കോളനിക്കാരുടെ ഏറ്റവും വലിയ പ്രശ്നം ഗതാഗത സൗകര്യം ഇല്ലാത്തതാണ്. അടിയന്തര ചികിൽസയും വേണ്ടത്ര പരിചരണവും കിട്ടാതെ ഒട്ടേറെ പേർ ഇവിടെ മരണമടഞ്ഞിട്ടുണ്ട്.
കോളനിയിൽ നിരന്തര പരിചരണം ആവശ്യമുള്ള എഴുപതോളം കിടപ്പു രോഗികളുണ്ട്. ഇവർക്ക് ഇനി മുതൽ എൻ്റെ നാട് പെയിൻ ആൻഡ് പാലിയേറ്റിവിൻ്റെ സേവനം ലഭ്യമാകും. കടത്തിറങ്ങി കോളനിയിലേക്കുള്ള വഴിയിൽ പകൽ പോലും കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. ദുർഘട പാതയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ആംബുലൻസും പാലിയേറ്റീവ് വാഹനവും എൻ്റെ നാട് ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി ലൈഫ് കെയർ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും നടന്നു. സി.ജെ.എൽദോസ് അധ്യക്ഷത വഹിച്ചു. സി.കെ.സത്യൻ, ജെയിംസ് കോറമ്പേൽ, കെ.എ.സിബി, ഡോ.മുരികേശ്വരി, എ.സമദ്, ജോഷി പൊട്ടക്കൽ,എം.എസ്.ദേവരാജൻ, മുതുവാൻ സമുദായ സംഘടനയുടെ പ്രസിഡൻ്റ് അല്ലി കൊച്ചലങ്കാരൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതി എൻ്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു.എ.സമദ്, സി.ജെ.എൽദോസ്, ജോഷി പൊട്ടക്കൽ, ജെയിംസ് കോറമ്പേൽ, കെ.എ.സിബി,സി.കെ.സത്യൻ സമീപം.