കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിച്ച്, പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കമിടുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ് ‘ പദ്ധതിയുടെ ഉദ്‌ഘാടനം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിർവഹിച്ചു.
കൃഷി സാമൂഹിക ഉത്തര വാദിത്വമായി പൊതു സമൂഹം ഏറ്റെടുക്കണമെന്ന് സുനിൽ കുമാർ പറഞ്ഞു. വരും തലമുറകൾക്കുകൂടിയായി വിദ്യാർത്ഥികൾ ഈ ദൗത്യം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എം. എ കോളേജിലെ നേച്ചർ ക്ലബും , എൻ എസ് എസ് യൂണിറ്റും, കൃഷി വകുപ്പും സംയുക്തമായാണ് ഒരേക്കർ സ്ഥലത്തു പച്ചക്കറി കൃഷി നടത്തുന്നത് .വെണ്ട, വഴുതന, പാവൽ, പയർ, പടവലം, ചീര, തക്കാളി, മുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
കോതമംഗലം എം എൽ എ . ആന്റണി ജോൺ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി .എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ വിന്നി വര്ഗീസ് , കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് , കോതമംഗലം കൃഷി അസ്സി. ഡയറക്ടർ സിന്ധു വി പി , കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ.ജി. ജോർജ് , നേച്ചർ ക്ലബ് കോ. ഓർഡിനേറ്റർ ഡോ. മേരിമോൾ മൂത്തേടൻ, എൻ എസ് എസ് കോ. ഓർഡിനേറ്റർമാരായ ഡോ. അൽഫോസാ സി. എ, ഡോ. എൽദോസ് എ വൈ, കോതമംഗലം അസിസ്റ്റന്റ് കൃഷി ഫീൽഡ് ഓഫീസർ ഇ. പി. സാജു തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു .