കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 1936 മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ച ആന്റണി ജോൺ MLA യുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ മുൻഗണന കാർഡിനായി എത്ര അപേക്ഷകൾ സർക്കാരിൽ ലഭ്യമായെന്നും, അതിൽ എത്ര അപേക്ഷയിൽ തീരുമാനമായെന്ന കാര്യം സംബന്ധിച്ചും MLA ചോദ്യം ഉന്നയിച്ചു. അനർഹരായ മുഴുവൻ പേരെയും മുൻഗണനാ കാർഡിൽ നിന്നും ഒഴിവാക്കി അർഹരായ മുഴുവൻ അപേക്ഷകരേയും മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്കിൽ 2927 മുൻഗണന റേഷൻ കാർഡിനുള്ള അപേക്ഷ ലഭ്യമായിട്ടുണ്ട്. അതിൽ 1936 മുൻഗണന റേഷൻ കാർഡ് അനുവദിച്ചു. 991 അപേക്ഷകൾ ബാക്കിയുണ്ടെന്നും അനർഹരാണെന്ന് കണ്ടെത്തിയ 705 പേരെ മുൻഗണനാ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയതായും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നിജപ്പെടുത്തിയ മുൻഗണന പരിധിക്കുള്ളിൽ നിന്നുകൊണ്ട് താലൂക്കിലെ അർഹരായ മുഴുവൻ പേർക്കും മുൻഗണന കാർഡ് ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.