പിണ്ടിമന :കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ മൂന്ന് ഏക്കർ തരിശ് നിലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ചു.. പിണ്ടി മനയിലെ കർഷകരായ കുന്നത്ത് കെ.ജെ.വർഗീസ്, നെടിയറ സനിൽ, വാഴയിൽ ജോയി എന്നീ കർഷകരാണ് കൃഷി ചെയ്തിരിക്കുന്നത്. ഡ്രാഗൺ കൃഷിക്ക് പുറമെ രണ്ടേക്കറിൽ അവക്കാഡോ, റംബൂട്ടാൻ കൃഷിയും ചെയ്തു വരുന്നു. വിഷരഹിതമായ പച്ചക്കറികളും, ഫലവൃക്ഷങ്ങളും ഉല്പാദിക്കുന്നതിനും, ഭക്ഷ്യയോഗ്യമാക്കുന്നതിൻ്റേയുംആവശ്യകതയെക്കുറിച്ച് കൃഷിഭവൻ്റെ നേതൃത്വത്തിലുള്ള ബോധവത്ക്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിന് കർഷകർ മുന്നോട്ട് വരുകയാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയ ഈ ഫലവൃക്ഷത്തിൽ ക്യാൻസർ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കുന്ന ധാരാളം ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രമേഹരോഗികൾക്കും, ദഹനസംബന്ധമായ രോഗികൾക്കും അത്യുത്തമമാണ്.വിദേശ രാജ്യങ്ങളിൽ പ്രിയമായ ഡ്രാഗൺ ഫ്രൂട്ട് നമ്മുടെ നാട്ടിലെ കാലാവസ്ഥയിലൂടെ വലിയ പരിചരണം ഇല്ലാതെ തന്നെ തഴച്ചുവളരുകയും മികച്ച ഉല്പാദനം ലഭ്യമാകുകയും ചെയ്യുന്നതിനാൽ കർഷകരെ ഇത്തരം കൃഷിയിലേക്ക് ആകർഷിച്ചു കൊണ്ട് ഫലവൃക്ഷങ്ങളുടെ കാർഷിക വിപ്ലവത്തിനും, സ്വയംപര്യാപ്തയിലേക്കും എത്തിക്കുന്നതിനുള്ള തീവ്ര പ്രയത്നമാണ് പിണ്ടിമന ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഏറ്റെടുത്തിട്ടുള്ളത്. ബ്ലോക്ക് പ്രസിഡൻ്റ് പി.എ.എം ബഷീർ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുടെ നടീൽ ഉത്സവം ഉത്ഘാടനംചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ മേരി പീറ്റർ, സിബി പോൾ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എം.അലിയാർ, ലത ഷാജി, എസ്.എച്ച്.എം ഫീൽഡ് അസിസ്റ്റൻ്റ് കെ.എം.സുഹറ, ഒ.പി.പ്രദീപ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം.അനീഫ
സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.