കോട്ടപ്പടി : രാത്രി കാലങ്ങളിൽ കാട്ടാനയുടെ ആക്രമണം രൂക്ഷമായ പ്രദേശമാണ് വാവേലി. കൃഷി നാശം വരുത്തിയിരുന്ന കാട്ടാനകൾ ഇപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥയാണ് ഉള്ളത്. ഇന്ന് വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടുകൂടി വാവേലി ചിരട്ടക്കൽ മഞ്ചേഷിന്റെ വീടിന്റെ മുകളിലേക്കാണ് കാട്ടാന മരം മറിച്ചിട്ട് കാടത്തം കാട്ടിയത്.
പ്രായമായ മാതാപിതാക്കളും കുഞ്ഞുമക്കളും അടങ്ങിയ കൂലിപ്പണിക്കാരനായ മഞ്ചേഷിന്റെ കുടുംബം ഭീതിയോടുകൂടിയാണ് കാട്ടാനയുടെ ആക്രണമത്തെ അതിജീവിച്ചത്. വന അതിർത്തിയോട് ചേർന്നുള്ള അക്വാഷ്യ മരമാണ് വീടിന്റെ മുകളിലേക്ക് മറിച്ചിട്ടത്. കോട്ടപ്പാറ വനത്തിന്റെ സ്ഥിരം പ്രശ്‌നക്കാരായ കാട്ടാനകളെ നീക്കം ചെയ്യുമെന്നും, കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റുമെന്നുമുള്ള വനംവകുപ്പിന്റെ നടപടികൾ വേഗത്തിൽ ആക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
രാത്രികാലങ്ങളിൽ ഇതിലെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വന്യമൃഗങ്ങൾ അടുത്തുനിന്നാൽപ്പോലും കാണുവാൻ സാധിച്ചിരുന്നില്ല, വൈദ്യുതി വേലിയിലേക്ക് മരങ്ങൾ തള്ളിയിട്ട് ആനകൾ സുഖമായി ജനവാസമേഖലകളിലേക്ക് കടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു പതിവ്. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഒരുപരിധിവരെ ആനകളെ പ്രതിരോധിക്കാമെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടൽ.