ജെറുസലേം : യാക്കോബായ സുറിയാനി സഭയുടെ ഇസ്രായേലിലെ ആദ്യത്തെ കോൺഗ്രിഗേഷന്റെ പ്രവർത്തനം ആരംഭിച്ചു. പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഭിമാനവും കർത്താവ് വിശുദ്ധ കുർബ്ബാന സ്ഥാപിച്ച ജെറുസലേമിലെ മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ഇസ്രായേലിലെ ശുശ്രൂഷകൾക്കായി നിയമിതനായ വികാരി ഫാ. ബെസ്സി കൗങ്ങംപിള്ളിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.കോതമംഗലം സ്വദേശിയാണ് ഫാ. ബെസ്സി. വൈസ് പ്രസിഡൻ്റ് സുനിൽ മാത്യു, സെക്രട്ടറി ജിബിൻ ജോർജ്, ട്രഷറർ ബേസിൽ കുര്യാക്കോസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിശുദ്ധ നാട്ടിൽ ജോലി ചെയ്യുന്ന യാക്കോബായ സുറിയാനി സഭയിലെ വിശ്വാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് സാധ്യമായത്. സെഹിയോൻ മാളികയിൽ ഇനി മുതൽ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് രണ്ടു മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 4.30 ന് ) മലയാളത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടും.
പാത്രിയാർക്കൽ വികാരി മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയാണ് ഇസ്രയേലിലെ കോൺഗ്രിഗേഷനുകളുടെ പ്രവത്തനങ്ങളുടെ ചുമതല വഹിക്കുന്നത്.