കോട്ടപ്പടി : കോട്ടപ്പടിയിലെപ്രധാന റോഡിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പടി – ചെറങ്ങനാൽ റോഡിൽ ഗോവെര്മെന്റ് ആശുപത്രി പടി മുതൽ കോളേജ് പടി വരെയുള്ള റോഡിൽ ആണ് വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നത്. വാഹനങ്ങള്‍ വെള്ളകെട്ടിലൂടെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ഇരുചക്ര യാത്രക്കാർ ആണ് കൂടുതലും ദുരിതം അനുഭവിക്കുന്നത്. 200 മീറ്ററോളം ദൂരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പരിചയ സമ്പന്നരായ വഴി യാത്രക്കാർ മാത്രമാണ് ഇന്ന് മറുകര കടന്നത്. കാല്‍നടയാത്രക്കാര്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങൾ മറികടന്നാണ് ലക്ഷ്യസ്ഥാനത്തു എത്തിയത്. ആയിരക്കണക്കിന് വിദ്യാർത്ഥികളും, സർക്കാർ ആശുപത്രിയിൽ വന്നവർക്കും, വില്ലജ്, പഞ്ചായത്ത്, കൃഷി ഓഫീസിൽ വരുന്നവർ എല്ലാം ആശ്രയിക്കുന്ന റോഡ് ആണ് ഇന്ന് മണിക്കൂറുകളോളം വെള്ളക്കെട്ടിൽ മുങ്ങിക്കിടന്നത്.
അശാസ്ത്രീയമായ റോഡ് നവീകരണമാണ് പ്രശ്നമായതെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. കുഴി പോലെ താഴ്ന്ന് കിടക്കുന്ന ഈ പ്രദേശത്ത് മുൻപും ഇതുപോലെ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളക്കെട്ടുള്ള ഭാഗത്ത് റോഡ് ലെവൽ ചെയ്യാതെ കട്ട വിരിച്ചത് അന്ന് തന്നെ നാട്ടുകാർ ആക്ഷേപം ഉന്നയിച്ചിരുന്നു. റോഡ് ലെവൽ ചെയ്യാതെ നടത്തിയ അശാസ്ത്രീയ റോഡ് നവീകരണ പ്രവർത്തങ്ങളും കാന പണിയാത്തതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണങ്ങൾ. വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗത്തെ റോഡ് ഉയർത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.