- ജെറിൽ ജോസ് കോട്ടപ്പടി
കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ ആരംഭിച്ചു. ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ വൈദ്യുതവേലിയിൽ നിന്ന് 30 മീറ്റർ ദൂരത്തിൽ നിൽക്കുന്ന മരങ്ങൾ അടയാളപ്പെടുത്തുകയാണ് പ്രാഥമിക നടപടി. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് എത്രയുംവേഗം മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള സജ്ജീകരണം ഒരുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കുറേനാളുകളായി വാവേലി നിവാസികളുടെ പ്രധാന ആവശ്യമായിരുന്നു 30 മീറ്റർ ദൂരത്തിൽ മരങ്ങൾ വെട്ടിമാറ്റുക എന്നത്. രാത്രികാലങ്ങളിൽ ഇതിലെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വന്യമൃഗങ്ങൾ അടുത്തുനിന്നാൽപ്പോലും കാണുവാൻ സാധിച്ചിരുന്നില്ല, വൈദ്യുതി വേലിയിലേക്ക് മരങ്ങൾ തള്ളിയിട്ട് ആനകൾ സുഖമായി ജനവാസമേഖലകളിലേക്ക് കടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു പതിവ്. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഒരുപരിധിവരെ ആനകളെ പ്രതിരോധിക്കാമെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടൽ.