കോതമംഗലം :- യാക്കോബായ ഓർത്തഡോക്സ് സഭാ തർക്കത്തിന് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്ത് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ,നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന കുട്ടമ്പുഴ,കീരംപാറ, കവളങ്ങാട്, വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതികൾ ഐക്യകണ്ഠേന പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോതമംഗലം മാർതോമ ചെറിയപള്ളി ആഗോള സർവമത തീർത്ഥാടന കേന്ദ്രം ആയതിനാൽ നിയമ പരിഷ്കരണ ശുപാർശ വേഗത്തിൽ നടപ്പാക്കണമെന്ന് ത്രിതല പഞ്ചായത്ത് നഗരസഭ അധ്യക്ഷൻ മാർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.
ആരാധനാലയങ്ങളിൽ ഭൂരിപക്ഷം ഉള്ളവർക്ക് നീതി നിഷേധിക്കപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുവാനും നാടിന്റെയും ആരാധനാലയങ്ങളുടെയും ചൈതന്യത്തിനും പുരോഗതിക്കും തടസ്സങ്ങൾ ഉണ്ടാകാതിരിക്കാനും സർക്കാർ നിയമനിർമ്മാണം നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെടുന്നു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ത്രിതല പഞ്ചായത്തുകളും നഗരസഭയും പ്രമേയങ്ങൾ പാസാക്കി സർക്കാരിന് സമർപ്പിച്ചത് അനുകൂല നിയമ നടപടികൾക്ക് സഹായകമാകുമെന്ന് പൊതുസമൂഹം വിലയിരുത്തുന്നു.
പത്രസമ്മേളനത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ ജി ജോർജ്,എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,കോതമംഗലം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ, പിണ്ടിമന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,മതമൈത്രി സംരക്ഷണ സമിതി നേതാക്കളായ മുൻ മന്ത്രി ടി യൂ കുരുവിള, ബാബുപോൾ,ലിസി ജോസ്, രാജേഷ് രാജൻ , പി എ സോമൻ,എ ടി പൗലോസ്,മാർതോമാ ചെറിയപള്ളി ട്രസ്റ്റിമാരായ ബിനോയ് മണ്ണഞ്ചേരി, സി.ഐ ബേബി തുടങ്ങിയവർ പങ്കെടുത്തു.