കോതമംഗലം : പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെങ്കര ചേറാടി പാടത്ത് വിഷുവിന് കണി വെളളരിക്കായി വിത്തു നടീൽ ഉത്സവം നടത്തി. പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ തരിശ് ഭൂമിയിലെ പച്ചക്കറി കൃഷിയുൾപ്പെടെ ഈ സാമ്പത്തിക വർഷം നിരവധി പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയത്. തരിശായി കിടന്ന പാടം ഏറ്റെടുത്ത് മുണ്ടകൻ കൃഷിയുടെ നൂറുമേനി വിളവെടുപ്പിന് ശേഷമാണ് ഇപ്പോൾ വെള്ളരി കൃഷി ചെയ്യുന്നത്. ചേലാട് ചേറായിൽ വിൻസെൻ്റ് എന്ന കർഷകൻ്റെ മൂന്ന് ഏക്കറോളം വരുന്ന പാടത്ത് കർഷകരായ ബെന്നി പുതുക്കയിൽ, മാളിയേലിൽ എം.എസ്.ജോർജ്, എൽദോസ് തുടുമ്മേൽ എന്നിവർ ചേർന്ന കർഷക കൂട്ടായ്മ പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്.
പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി തരിശ് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളും അടുത്ത സാമ്പത്തിക വർഷം മുതൽ കൃഷിയിറക്കാനാണ് പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും തീരുമാനം. ചേറായി പാടശേഖരത്തിൽ വച്ച് നടന്ന വിത്തു നടീൽ ചടങ്ങ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം.ബഷീർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, പിണ്ടിമന പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സിബി പോൾ, മേരി പീറ്റർ,ബേസിൽ എൽദോസ്, മെമ്പർമാരായ എസ്.എം.അലിയാർ, ലത ഷാജി, റ്റി.കെ.കുമാരി, വിത്സൺ ജോൺ, സണ്ണി വേളൂക്കര, എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ ജിൻസ് നന്ദിയും പറഞ്ഞു.