കോതമംഗലം : പഠനത്തിന്റെ ഭാഗമായി അഞ്ചുദിവസത്തെ റൂറൽക്യാമ്പിനു എത്തിയ കെ. ഇ കോളേജ് മാന്നാനത്തെ എം.എസ്. ഡബ്ലിയു വിദ്യാർത്ഥികൾ ഭൂതത്താൻകെട്ട് വടാട്ടുപാറ വനപാത ക്ലീൻ ചെയ്തു. റോഡിനിരുവശവും അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും വിദ്യാർത്ഥികൾ കളക്ട് ചെയ്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച തുടങ്ങിയ റൂറൽ ക്യാമ്പ് കോതമംഗലത്തെ പലഭാഗത്തും ഇതിനോടകംതന്നെ നിരവധി സാമൂഹ്യക്ഷേമ പ്രവർത്തികൾ ചെയ്തുകഴിഞ്ഞു. ഇന്നലത്തെ തുടർച്ചയെന്നോണം ഇന്ന് രാവിലെ ഭൂതത്താൻകെട്ട് പുതിയ പാലത്തിനു സമീപമുള്ള പ്ലാസ്റ്റിക് ഇതര വേസ്റ്റുകൾ കളക്ട് ചെയ്തു അധികൃതരെ ഏൽപ്പിക്കാൻ ആണ് കുട്ടികൾ തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ വീട്ടിൽ ഉണ്ടാവുന്ന വേസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയാനുള്ള ഒരിടം ആയിട്ടാണ് ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡുകൾ ഉപയോഗിക്കുന്നത്. നിരവധി ആളുകളാണ് ഭൂതത്താൻകെട്ടിന്റെ മനോഹാരിത കണ്ടാസ്വദിക്കാൻ എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾ ഐസ്ക്രീമും മറ്റു ഭക്ഷണപദാർത്ഥങ്ങളും കഴിച്ചതിനുശേഷം വേസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് വിദ്യാർഥികൾ ഒന്നടങ്കം ആവശ്യപ്പെട്ടു.