കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ എൽദോസ് രാജുവും, എയ്ഞ്ചൽ രാജുവും വിജയകരമായ മത്സ്യക്കൃഷിയിലൂടെ ശ്രദ്ധേയരായി. കോവിഡ് 19 മഹാ മാരിക്കാലം ഫലപ്രദമായി വിനിയോഗിച്ച് അക്വാപോണിക്സ് കൃഷി രീതിയിലൂടെയാണ് ഈ കുട്ടിക്കർഷകർ ശ്രദ്ധ നേടിയത്. നന്നേ ചെറുപ്പത്തിലെ മത്സ്യകൃഷിയിൽ താല്പര്യമുണ്ടായിരുന്ന ഇവർ ഓൺലൈൻ പഠനത്തിന്റെ വിരസതയകറ്റാൻ വിപുലമായ മത്സ്യകൃഷിയാണ് ചെറുവട്ടൂരിനു സമീപമുള്ള വീട്ടുവളപ്പിൽ സജ്ജമാക്കിയത്. മക്കളുടെ ആഗ്രഹത്തിനു സർവ്വ പിന്തുണയും നൽകി കർഷകരായ മാതാപിതാക്കളും കൂടെ നിന്നു. കുട്ടികളുടെ നിരന്തരമായ ആവശ്യപ്രകാരം പ്രധാനമന്ത്രിയുടെ മത്സ്യ സംമ്പാദ യോജന പദ്ധതി പ്രകാരം 10m. നീളവും 5m വീതിയും 3m താഴ്ചയുമുള്ള കുളം നിർമ്മിച്ച് 8000 തിലോപ്പിയക്കുഞ്ഞുങ്ങളെ 6 മാസം മുമ്പ് നിക്ഷേപിച്ചു.
ദിവസവും 2 നേരം മത്സ്യത്തിന് ഭക്ഷണം നൽകുന്നതും ആഴ്ചയിലൊരിക്കൽ ബയോഫിൽറ്റർ ക്ലീൻ ചെയ്യുന്നതും, കറണ്ടിന്റെ കണ്ടീഷൻ പരിശോധിക്കുന്നതും സഹോരങ്ങൾ മത്സരിച്ചാണ്. മത്സ്യത്തിന്റ ഭക്ഷണമായ അസോള യും മറ്റു പായൽ സസ്യങ്ങളും വളർത്തുന്നതിനായി രണ്ട് കുളങ്ങൾ കൂടി അനുബന്ധമായി നിർമിച്ചിട്ടുണ്ട്. കുട്ടികളുടെ കരുതലോടെയുള്ള പരിചരണത്താൽ നിക്ഷേപിച്ച 8000 മത്സ്യകുഞ്ഞുങ്ങളും വിളവെടുപ്പിന് ഒരുങ്ങിയിരിക്കുകയാണ്. മത്സ്യക്കൃഷിയിൽ വിജയം കൊയ്ത ഇവർ പoനത്തിലും ഏറെ മുന്നിലാണ്. ചെറുപ്രായത്തിൽത്തന്നെ ജീവിതവിജയത്തിനാവശ്യമായ മാർഗം കണ്ടെത്തിയ കുട്ടികളെ സീഡ് ക്ലബ് ഉപഹാരം നൽകി ആദരിച്ചു. ദിവസേനയുള്ള മത്സ്യ പരിപാലനം വളരെയേറെ മാനസികോല്ലാസമാണ് നൽകുന്നതെന്ന് കുട്ടി കർഷകരായ എയ്ഞ്ചലും, എൽദോസും പറഞ്ഞു.